ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്രയെ കണ്ടെത്തിയ കഥ വെളിപ്പെടുത്തി ഇന്ത്യയുടെ മുൻ ബൗളിങ് പരിശീലകനായിരുന്ന ജോണ് റൈറ്റ് രംഗത്ത്. ‘2012 ൽ അഹമ്മദാബാദിൽ നടന്ന ആഭ്യന്തര ടി20 യിൽ ആണ് ഞാൻ ആദ്യമായി ബുംമ്രയെ കാണുന്നത്. അന്ന് മുംബൈക്കെതിരെ വ്യത്യസ്ത ശൈലിയിൽ എറിയുന്ന ഗുജറാത്ത് നിരയിൽ നിന്നുള്ള പേസറായിരുന്നു അവൻ.
അന്ന് തുടർച്ചയായി 12 യോർക്കറുകൾ എറിഞ്ഞ അവനെ കുറിച്ച് ഗുജറാത്ത് ക്യാപ്റ്റനായിരുന്ന പാർഥിവ് പട്ടേലിനോട് ചോദിച്ചു, അവന്റെ പേര് ബുംമ്രയാണെന്ന് പറഞ്ഞ പാർഥിവിനോട് ബ്ലഡി ഹെൽ, അവനെ പോലെയൊരു താരത്തെ ഞാൻ കണ്ടിട്ടില്ല,
എനിക്കവനെ വേണമെന്ന് പറഞ്ഞ് അപ്പോൾ തന്നെ കരാർ ഒപ്പിട്ടുവാങ്ങി’ ജോണ് റൈറ്റ് ടൈംസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിബുമ്രയെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്ത ശേഷം സച്ചിൻ ടെണ്ടുൽക്കറിന് പന്തെറിയാൻ നെറ്റ്സിൽ ബുമ്രയെ ഏൽപ്പിച്ചുവെന്നും സെഷന് ശേഷം ‘ജോൺ, ആരാണ് ഈ പുതിയ ചെക്കൻ, കൊള്ളാം, പന്ത് എവിടെ തിരിയുന്നു എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല’ എന്ന് സച്ചിൻ പറഞ്ഞതായും ജോണ് റൈറ്റ് വെളിപ്പെടുത്തി.
ശേഷമാണ് മുംബൈയുടെ ഐപിഎല്ലിന്റെ മെയിൻ ടീമിലേക്ക് കൊണ്ടുവരുന്നത്.
ആദ്യ സീസണായ 2013 , 2014 ലെല്ലാം വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് താരത്തിന് ലഭിച്ചിരുന്നത്. എന്നാൽ സ്ഥിരോത്സാഹവും കഠിനാധ്വാനവും ബുമ്രയെ ഏറെ ഉയരത്തിലെത്തിച്ചുവെന്നും ജോൺ റൈറ്റ് പറഞ്ഞു.
ഈ വർഷം ഇന്ത്യൻ ടീമിനെ ടി 20 ലോകകപ്പ് കിരീടം നേടാൻ സുപ്രധാന പങ്കുവഹിച്ച താരം ഇപ്പോൾ നടക്കുന്ന ബോർഡർ- ഗാവസ്കർ ട്രോഫിയിലും ഇന്ത്യൻ ടീമിന്റെ കുന്തമുനയാണ്. ആദ്യ ടെസ്റ്റായ പെർത്തിൽ ഏഴ് വിക്കറ്റ് നേടി ടീമിനെ വിജയത്തിലേക്ക് മുന്നിൽ നിന്ന് നയിച്ച താരമാണ് ബുംമ്ര