ജയ്‌പൂരിൽ നടന്ന റൈസിംഗ് രാജസ്ഥാൻ എന്ന പരിപാടിയിൽ താന്‍ പെർഫോം ചെയ്യുന്നതിനിടെ അതിഥികളായ രാഷ്ട്രീയക്കാർ ഇറങ്ങിപ്പോയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗായകൻ സോനു നിഗം. ഒരു പരിപാടിയുടെ പകുതിക്ക് വെച്ച് ഉപേക്ഷിച്ച് പോകുന്നത് കലാകാരന്മാരോട് കാണിക്കുന്ന വലിയ അനാദരവാണ്.
അങ്ങനെ ചെയ്യാനാണെങ്കിൽ പരിപാടിക്ക് വരാതിരിക്കുകയോ പ്രദർശനം തുടങ്ങുന്നതിന് മുമ്പ് ഇറങ്ങിപ്പോകുകയോ ചെയ്യണമെന്നും സോനു നിഗം പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് സോനു നിഗം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.എല്ലാവരോടും എനിക്ക് ഒരു അപേക്ഷയുണ്ട്. പരിപാടിയുടെ പകുതിക്ക് വെച്ച് ഇറങ്ങി പോകാനാണെങ്കിൽ ദയവ് ചെയ്ത് വരാതിരിക്കുക. അല്ലെങ്കിൽ പ്രദർശനം തുടങ്ങുന്നതിന് മുമ്പ് പോകണം.
ഒരു കലാകാരൻ്റെ പ്രകടനത്തിനിടയിൽ പാതിവഴിയിൽ ഉപേക്ഷിച്ച് പോകുന്നത് അവരോട് കാണിക്കുന്ന വലിയ അനാദരവാണ്. അത് സരസ്വതി ദേവിയെ അപമാനിക്കലാണ്.
നിങ്ങൾ വലിയവരാണ്, നിങ്ങൾക്ക് ധാരാളം ജോലിയുണ്ടാകും. ഒരുപാട് ഉത്തരവാദിത്തങ്ങളാണ് നിങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു ഷോയിൽ വന്നിരുന്നു നിങ്ങൾ സമയം പാഴാക്കേണ്ടതില്ല.
നിങ്ങൾക്ക് നേരത്തെ പോകാവുന്നതാണ്’, സോനു നിഗംപറഞ്ഞു.വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് സോനു നിഗത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. ‘നിങ്ങളെപ്പോലെ മറ്റുള്ളവരെ എപ്പോഴും ബഹുമാനിക്കുന്ന ഒരാൾക്ക് മാത്രമേ യാതൊരു മടിയും കൂടാതെ സംസാരിക്കാൻ കഴിയൂ’, എന്നാണ് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഹിന്ദിക്ക് പുറമേ, കന്നഡ, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, ഒഡിയ, ആസാമീസ്, മലയാളം, ഗുജറാത്തി എന്നീ ഭാഷകളിലും സോനു നിഗം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.