ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ 323 റണ്‍സിന്‍റെ വലിയ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിങ്സില്‍ 106 റണ്‍സ് നേടിയ ജോ റൂട്ടാണ് വിജയ ശില്‍പി. ഈ സെഞ്ചറി വിജയതിളക്കത്തിനൊപ്പം റെക്കോര്‍ഡ് നേട്ടത്തിലേക്കും ജോ റൂട്ടിന് വഴിതെളിക്കുകയാണ്.

ടെസ്റ്റില്‍ സച്ചിന്‍റെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് ജോ റൂട്ട് എത്തി.ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നിലവില്‍ അഞ്ചാമനാണ് റൂട്ട്. സച്ചിന്‍, റിക്കി പോണ്ടിങ്, ജാക്ക് കാലിസ്, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് മുന്നില്‍. 151 മത്സരങ്ങളില്‍ നിന്ന് 12,886 റണ്‍സാണ് റൂട്ടിന്‍റെ പേരിലുള്ളത്.

പോണ്ടിങിന്‍റെ 13,378 റണ്‍സിന് 492 റണ്‍സ് മാത്രം പിന്നിലാണ് ഇപ്പോള്‍. ആദ്യ അഞ്ചു പേരില്‍ നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഏകതാരം എന്ന പ്രത്യേതകയും റൂട്ടിനുണ്ട്. 33 കാരനായ റൂട്ടിന് 3,035 റണ്‍സ് കൂടി നേടിയാല്‍ സച്ചിന്‍റെ 15921 റണ്‍സ് മറികടക്കാം.

അതേസമയം മോഡേണ്‍ ക്രിക്കറ്റില്‍ വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയിന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവര്‍ ഉള്‍പ്പെടുന്ന ഫാബ് ഫോറിലും ജോ റൂട്ടാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷങ്ങളിലെ തീപ്പൊരി പ്രകടനമാണ് റൂട്ടിനെ മുന്‍നിരയിലെത്തിച്ചത്. 2021 ന്‍റെ തുടക്കത്തില്‍ റൂട്ടിന് 17 സെഞ്ചറികളായിരുന്നു ഉണ്ടായിരുന്നത്.

ഫാബ് ഫോറില്‍ ഏറ്റവും കുറവ്. ഈ സമയം വിരാട് കോലിക്ക് 27 ടെസ്റ്റ് സെഞ്ചറികള്‍.ഇന്നത്തെ കണക്ക് പ്രകാരം 36 സെഞ്ചറിയും 64 അര്‍ധ സെഞ്ചറിയും അടക്കം ഫാബ് ഫോറില്‍ ഒന്നാമനാണ് താരം, കെയിന്‍ വില്യംസനും സ്റ്റീവ് സ്മിത്തിനും ഉള്ളത് 32 സെഞ്ചറികള്‍. 30 സെഞ്ചറിയാണ് കോലിക്കുള്ളത്.

റൂട്ട് 13,000 റണ്‍സ് തികയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ഇക്കൂട്ടത്തിലെ മറ്റാരും 10,000 മാര്‍ക്ക് കടന്നിട്ടില്ല എന്നതും ശ്രദ്ധേയം. സ്റ്റീവ് സ്മിത്തിന് 9,704 റണ്‍സാണ് ആകെയുള്ളത്. വിരാട് കോലിക്ക് 9,163 റണ്‍സും വില്യംസണ് 9,076 റണ്‍സും.ന്യൂസിലാന്‍ഡിനെിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്സില്‍ 23 റണ്‍സെടുത്ത ജോ റൂട്ട് സച്ചിന്‍റെ മറ്റൊരു റെക്കോര്‍ഡ് നേരത്തെ മറികടന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ നാലാം ഇന്നിങിസില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരമായി ജോ റൂട്ട് മാറി. 1630 റണ്‍സാണ് ജോ റൂട്ടിന്‍റെ പേരിലുള്ളത്.

200 ടെസ്റ്റുകളില്‍ നിന്ന് നാലാം ഇന്നിങ്സില്‍ 1625 റണ്‍സ് നേടിയ സച്ചിനാണ് ജോ റൂട്ടിന് പിന്നിലാക്കിയത്.ഇംഗ്ലണ്ടിന്‍റെ ന്യൂസിലാന്‍ഡ് പരമ്പരയില്‍ നാല് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. അവസാന മത്സരം നാളെ ഹാമില്‍ട്ടണില്‍ തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *