ഹാമില്‍ട്ടൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്‍റെ 423 റണ്‍സിന്‍റെ പടുകൂറ്റൻ ജയം. പേസര്‍ ടിം സൗത്തിക്ക് വിജയത്തോടെ വിടവാങ്ങാന്‍ അവസരമൊരുക്കിയ ന്യൂസിലന്‍ഡ് പരമ്പരയില്‍ ആശ്വാസ ജയമാണ് സ്വന്തമാക്കിയത്. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

658 റണ്ണിന്‍റെ ഹിമാലയന്‍ വിജയലക്ഷ്യം തേടി അവസാന ദിനം 18-2 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 234 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോര്‍ ന്യൂസിലന്‍ഡ് 347,453, 143, 234.96 പന്തില്‍ 76 റണ്‍സെടുത്ത ജേക്കബ് ബേഥലാണ് ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ജോ റൂട്ട് 54 റണ്‍സെടുത്തപ്പോള്‍ ഗുസ് അറ്റ്കിന്‍സണ്‍ 43 റണ്‍സെടുത്തു.

ആദ്യ ഇന്നിംഗ്സില്‍ ഗോള്‍ഡന്‍ ഡക്കായ ഹാരി ബ്രൂക്ക് രണ്ടാം ഇന്നിംഗ്സില്‍ ആറ് പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായി. വിടവാങ്ങ‌ൽ ടെസ്റ്റ് കളിച്ച ടിം സൗത്തി ന്യൂസിലന്‍ഡിനായി രണ്ട് വിക്കറ്റ് എടുത്തപ്പോള്‍ നാലു വിക്കറ്റെടുത്ത മിച്ചല്‍ സാന്‍റനറാണ് കിവീസിനായി ബൗളിംഗില്‍ തിളങ്ങിയത്. മാറ്റ് ഹെന്‍റിയും രണ്ട് വിക്കറ്റെടുത്തു.ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കയറി.

14 മത്സരങ്ങളില്‍ ഏഴ് ജയവും ഏഴ് തോല്‍വിയും ഉള്‍പ്പെടെ 48.21 പോയന്‍റ് ശതമാനവുമായാണ് ന്യൂസിലന്‍ഡ് ഇന്ത്യക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തായത്. 11 ടെസ്റ്റില്‍ അഞ്ച് ജയവും ആറ് തോല്‍വിയുമുള്ള ശ്രീലങ്ക 45.45 പോയന്‍റ് ശതമാനവുമായി അഞ്ചാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പര നേടിയെങ്കിലും 43.18 പോയന്‍റ് ശതമാനം മാത്രമുള്ള ഇംഗ്ലണ്ട് ആറാമതാണ്. ഓസ്ട്രേലിയ രണ്ടാമതും ദക്ഷിണാഫ്രിക്ക ഒന്നാമതുമാണ്

Leave a Reply

Your email address will not be published. Required fields are marked *