പലപ്പോഴും ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്ത് പല ആപ്പുകളിലും കയറി സമയം കളയാറുള്ളവരാണോ? ഇനി ഈ കഷ്ടപ്പാടുണ്ടാകില്ല. ട്രെയിൻ യാത്ര എളുപ്പത്തിലാക്കാൻ ‘സൂപ്പർ ആപ്പു’മായി ഇന്ത്യൻ റെയിൽവേ. എല്ലാ റെയിൽവേ സേവനങ്ങളും ഒറ്റ ആപ്പിൽ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഈ മാസം തന്നെ ആപ്പ് പുറത്തിറക്കാനാണ് റെയിൽവേയുടെ തീരുമാനം. സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

ഐആർസിടിസി ആപ്പും വെബ്‌സൈറ്റും അപ്‌ഗ്രേഡ് ചെയ്താണ് ഐആർസിടിസി സൂപ്പർ ആപ്പ് ഒരുക്കുന്നത്.ഐആർസിടിസി റെയിൽ കണക്ട്, യുടിഎസ്, റെയിൽ മദദ് എന്നിങ്ങനെ വിവിധ ആപ്പുകളിലെ സേവനങ്ങൾ ഒറ്റ ആപ്പിനുള്ളിൽ തന്നെ ലഭ്യമാക്കാനാണ് സൂപ്പർ ആപ്പ് ലക്ഷ്യമിടുന്നത്.

ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്ക് ചെയ്യാനുള്ള സൗകര്യം, കാറ്ററിംഗ് സേവനങ്ങൾ, പിഎന്‍ആര്‍ സ്റ്റാറ്റസ് ചെക്കിംഗ് എന്നിങ്ങനെയുള്ള അനവധി സേവനങ്ങൾ പുതിയ ഐആർസിടിസി സൂപ്പര്‍ ആപ്പിൽ ലഭിക്കും. ചരക്കുനീക്കം ഉൾപ്പടെയുള്ള സേവനങ്ങൾ ബുക്ക് ചെയ്യാനും ഈ ആപ്പ് ഉപയോ​ഗിക്കാം.

അതിവേഗമുള്ള പേയ്മെന്‍റ് സംവിധാനവും പുതിയ ആപ്പില്‍ വരും.കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പുതിയ ആപ്പ് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. എന്നാൽ ആപ്പ് പുറത്തിറക്കുന്ന തീയതി ഇരുവരെ പ്രഖ്യാപിച്ചിട്ടില്ല. സൂപ്പർ ആപ്പിൻ്റെ വരവോടെ റെയില്‍വേ ടിക്കറ്റ് ബുക്കിംഗിലെ പ്രശ്‌നങ്ങളെല്ലാം മാറുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് യാത്രക്കാർ.

Leave a Reply

Your email address will not be published. Required fields are marked *