മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് വീണ്ടും തകര്‍ച്ച. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 474നെതിരെ അവസാന സെഷനില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 164 എന്ന നിലയിലാണ്. റിഷഭ് പന്ത് (6), രവീന്ദ്ര ജഡേജ (4) എന്നിവരാണ് ക്രീസില്‍.
82 റണ്‍സെടുത്ത യശസ്വി ജയ്സ്വാളാണ് ടോപ് സ്കോറര്‍. ഓസീസിന് വേണ്ടി സ്കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, സ്റ്റീവന്‍ സ്മിത്തിന്റെ (140) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ജസ്പ്രിത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റും വീഴ്ത്തി.ഓപ്പണറായി തിരിച്ചെത്തിയ രോഹിത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുന്നതാണ് മെല്‍ബണില്‍ കണ്ടത്.
രണ്ടാം ഓവറിന്റെ അവസാന പന്തിലാണ് രോഹിത് മടങ്ങുന്നത്. കമ്മിന്‍സിന്റെ പന്തില്‍ ബോളണ്ടിന് ക്യാച്ച്.
പന്തിന്റെ ഗതി മനസിലാക്കാന്‍ സാധിക്കാതെ രോഹിത് ബാറ്റ് വച്ചുകൊടുക്കുകയായിരുന്നു. അപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രം. പിന്നീട് രാഹുല്‍ – ജയ്സ്വാള്‍ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രണ്ടാം സെഷനിലെ അവസാന പന്തില്‍ രാഹുല്‍ (24) മടങ്ങി.
കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡ്.രണ്ട് 51 എന്ന നിലയിലായ ഇന്ത്യയെ രക്ഷിച്ചത് കോലി (36) – ജയ്സ്വാള്‍ കൂട്ടുകെട്ടായിരുന്നു. ഇരുവരും 102 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഓസീസ് ബൗളര്‍ക്കെതിരെ ആധിപത്യം നേടിയ ജയ്സ്വാള്‍ റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. കോലിയുമായുള്ള ആശയക്കുഴപ്പം റണ്ണൗട്ടില്‍ അവസാനിക്കുകയായിരുന്നു. ജയ്സ്വാള്‍ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് റണ്ണിന് ശ്രമിച്ചു.
എന്നാല്‍ കോലിയാവട്ടെ അവിടെ ഒരു റണ്ണില്ലെന്ന മട്ടില്‍ നിന്നു. പന്തെടുത്ത കമ്മിന്‍സ് ബാറ്റിംഗ് എന്‍ഡിലേക്ക് എറിഞ്ഞു. സ്റ്റംപില്‍ കൊണ്ടില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി പന്ത് കയ്യിലൊതുക്കി ബെയ്ല്‍സ് ഇളക്കി. ഒരു സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. തൊട്ടുപിന്നാലെ കോലിയും മടങ്ങി. ബോളണ്ടിന്റെ പന്ത് ബാറ്റിലുരസിയപ്പോള്‍”അനായാസം ക്യാരി കയ്യിലൊതുക്കി. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ആകാശ് ദീപിന് (0) 13 പന്ത് മാത്രമായിരുന്നു ആയുസ്. ബോളണ്ടിന് വിക്കറ്റ്. “