പുതുവത്സര ദിനത്തില്‍ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലെ ബര്‍ബോണ്‍ തെരുവിലെ ആള്‍ക്കൂട്ടത്തിന് നേരെ വാഹനമിടിച്ചുകയറ്റി ആക്രമണം നടത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 35ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ 3.15നാണ് ന്യൂ ഓര്‍ലിയന്‍സിലെ ഫ്രഞ്ച് ക്വാര്‍ട്ടറിന്റെ ഹൃദയഭാഗത്തുള്ള ബര്‍ബോണ്‍ തെരുവിലെ ജനക്കൂട്ടത്തിന് നേരെ പിക്ക് അപ്പ് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം നടന്നത്.
ആക്രമണം നടത്തിയത് ഷംസുദ് -ദിന്‍-ജബ്ബാര്‍ എന്ന മുന്‍ സൈനികനാണെന്ന് പോലീസ് പറഞ്ഞു. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇയാള്‍ മനപൂര്‍വ്വം വാഹനമോടിച്ച് കയറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിയാവുന്നത്ര ആളുകളെ ഇടിക്കാന്‍ ഇയാള്‍ ശ്രമിച്ചു. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്നുണ്ടായ പോലീസ് ഏറ്റുമുട്ടലില്‍ പ്രതിയായ ഷംസുദ് ദിന്‍ ജബ്ബാര്‍ കൊല്ലപ്പെട്ടു.അമേരിക്കന്‍ പൗരനും ടെക്‌സാസ് സ്വദേശിയുമായ ഷംസുദ് ദിന്‍ ജബ്ബാര്‍ ആണ് ആക്രമണം നടത്തിയത്. ഇയാള്‍ ഒരു മുന്‍ സൈനികന്‍ കൂടിയായിരുന്നുവെന്ന് എഫ്ബിഐ വ്യക്തമാക്കി.ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് ഐഎസ്‌ഐഎസിന്റെ പതാകയും കണ്ടെടുത്തു.
ഇയാള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം അന്വേഷിച്ച് വരികയാണെന്ന് എഫ്ബിഐ വ്യക്തമാക്കി. കൂടാതെ പ്രദേശത്ത് നിന്ന് സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു.അമേരിക്കന്‍ സൈന്യത്തില്‍ വിവിധ ജോലികള്‍ ചെയ്തുവന്നിരുന്നയാളാണ് ഷംസുദ് ദിന്‍ ജബ്ബാര്‍. 2009 ഫെബ്രുവരി മുതല്‍ 2010 ജനുവരി വരെ അഫ്ഗാനിസ്ഥാനിലും ഇയാള്‍ സേവനമനുഷ്ടിച്ചിരുന്നു.
ജോര്‍ജ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ ബിരുദം നേടിയ ആളാണ് ഇയാള്‍. 2012ലായിരുന്നു ഷംസുദ് ദിന്‍ ജബ്ബാറിന്റെ ആദ്യവിവാഹം. ഇയാള്‍ രണ്ടാമതും വിവാഹം കഴിച്ചിരുന്നു. ആ ബന്ധം 2017 മുതല്‍ 2022 വരെയാണ് നീണ്ടുനിന്നത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ഇയാള്‍ ഒരു കൈ നോക്കിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ ട്രാഫിക് നിയമലംഘനം, മോഷണം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു.ടെക്‌സാസില്‍ നിന്നും വാടകയ്‌ക്കെടുത്ത ഇലക്ട്രിക് വാഹനമാണ് ഇയാള്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറ്റിയത്.
ആക്രമണത്തില്‍ എഫ്ബിഐ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതി ഐഎസ്‌ഐഎസിനെ വാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നുവെന്നും ജോ ബൈഡന്‍ പറഞ്ഞു