സിഡ്നി: ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. രണ്ടാം ദിനം മത്സരം പുരോഗമിക്കുന്നതിനിടെ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഗ്രൗണ്ട് വിട്ടു. മത്സരത്തിനിടെ താരത്തിന് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബുംറയെ സ്കാനിങ്ങിന് വിധേയമാക്കും.സപ്പോർട്ടിങ് സ്റ്റാഫുകൾക്കൊപ്പം ബുംറ ഗ്രൗണ്ട് വിടുന്ന വീഡിയോ പുറത്തുവന്നു.
രണ്ടാം ദിനത്തിലെ രണ്ടാം സെഷൻ ആരംഭിച്ചതിന് പിന്നാലെയാണ് താരം പുറത്തുപോയത്. ബുംറയുടെ പരിക്ക് എന്താണെന്നോ വിഷയം ഗുരുതരമുള്ളതാണോ എന്നൊന്നും ഇപ്പോൾ വ്യക്തമല്ല. ബുംറയുടെ അഭാവത്തിൽ വിരാട് കോലി ടീമിനെ നയിക്കുന്നത്. സിഡ്നിയിൽ മത്സരം പുരോഗമിക്കുമ്പോൾ നിർണായക ലീഡ് നേടി ഇന്ത്യ പൊരുതുകയാണ്.
അവസാനം ലഭ്യമാകുന്ന വിവരമനുസരിച്ച് 36-0 എന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്‌സ്വാളും കെ.എൽ രാഹുലുമാണ് ക്രീസിൽ.ടൂർണമെന്റിലുടനീളം വൻ ഫോമിലായിരുന്നു ജസ്പ്രീത് ബുംറ. ഫോമിലല്ലാത്ത രോഹിത്തിനു പകരം നായകസ്ഥാനം ഏറ്റെടുത്ത താരം ഇതുവരെ നേടിയത് 32 വിക്കറ്റുകളാണ്. കൂടാതെ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ചരിത്രനേട്ടവും താരം സ്വന്തമാക്കി. പരമ്പരയിലെ മികച്ച പ്രകടനത്തോടെ ബുംറയുടെ റേറ്റിങ് പോയിന്റ് 907 ആയി. ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പോയിന്റാണിത്. ലോകത്ത് 17-ാമത്തെ ഉയർന്ന റേറ്റിങ് കൂടിയാണിത്.