ഹൈദരാബാദില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച് യുവാവ്. യുവതിയെ കാണാതായതിനെ തുടര്‍ന്നുള്ള പൊലീസിന്‍റെ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

ജനുവരി 16നാണ് 35 കാരിയായ വെങ്കിട മാധവിയെ കാണാതായതായി വീട്ടുകാർ പരാതി നൽകുന്നത്. സംഭത്തില്‍ വീട്ടുകാര്‍ക്ക് ഭര്‍ത്താവായ 45കാരന്‍ ഗുരു മൂര്‍ത്തിയെ സംശയമുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് ഒരു ബന്ധുവിന്‍റെ വീട്ടിൽ പോയതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും തുടന്ന് മാധവി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നുമാണ് ഇയാള്‍ മാധവിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്.

പിന്നാലെ പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ്ഗുരു മൂർത്തി കുറ്റം സമ്മതിക്കുന്നത്. ഇരുവരും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാവാറുണ്ടെന്ന് പൊലീസ് പറഞ്ഞു. എങ്കിലും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.കൊലപാതകത്തിനു ശേഷം കുറ്റം മറയ്ക്കാനായി മൃതദേഹം വീട്ടിലെ ശുചിമുറിയിലിട്ട് വെട്ടി കഷ്ണങ്ങളാക്കി മാറ്റുകയായിരുന്നു. പിന്നീട് എല്ലുകൾ വേർപെടുത്തി പ്രഷര്‍ കുക്കറിലിട്ട് വേവിച്ചു.

എല്ലുകള്‍ അടുക്കളയിലിരുന്ന ഇടികല്ലില്‍ ഇടിച്ച് പൊടിയാക്കുകയും ചെയ്തു. മൂന്ന് ദിവസത്തോളം നിരവധി തവണ ഇത്തരത്തില്‍ മാംസവും എല്ലുകളും വേവിച്ച ശേഷം കവറിലാക്കി മീർപേട്ട് തടാകത്തില്‍ ഉപേക്ഷിക്കുകയായികുന്നു. മാധവിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്താനായി വ്യാപകമായ തിരച്ചില്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) സുരക്ഷാ ഉദ്യോഗസ്ഥനാണ്. പതിമൂന്ന് വര്‍ഷം മുന്‍പായിരുന്നു മാധവിയുമായുള്ള വിവാഹം. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

കുറ്റകൃത്യം നടന്ന ദിവസം ഇവര്‍ വീട്ടിലില്ലായിരുന്നു. ഹൈദരാബാദിലെ ജില്ലെലഗുഡയിലാണ് കുടുംബം താമസിച്ചുകൊണ്ടിരുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *