ദില്ലി: ദില്ലി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ഊർജിതമാക്കി രാഷ്ട്രീയ പാർട്ടികൾ. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് മൂന്ന് റാലികളിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ചുള്ള റാലികളും ദില്ലിയിൽ ബിജെപി നടത്തും. എ എ പി സ്ഥാനാർഥികൾക്കായി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വിവിധ റാലികളിൽ ഇന്ന് പങ്കെടുക്കും. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രചാരണ പരിപാടികളിൽ പങ്കാളിയാകും.

അതേസമയം എഎപി പ്രവർത്തകരുടെ വീടുകളിൽ പൊലീസ് അനാവശ്യ റെയ്ഡുകൾ നടത്തുകയാണെന്ന് പാർട്ടി ആരോപിച്ചു. പരാജയഭയം കൊണ്ടുള്ള നടപടികളിലേക്ക് ബിജെപി കടന്ന് എന്നും ഇതിനായി പൊലീസിനെ ഉപയോഗപ്പെടുത്തുകയാണെന്നുംഎ എ പി ആരോപിച്ചു.

അതേസമയം, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനാണ് മുൻഗണന നൽകുന്നതെന്ന് പ്രകടന പത്രികയുടെ ആദ്യഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു. ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നൽകുമെന്ന് ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്ന മഹിളാ സ്മൃതി യോജനയും ബിജെപി പ്രഖ്യാപിച്ചു.2021ൽ സ്ത്രീകൾക്ക് 1,000 രൂപ നൽകുമെന്ന് എഎപി വാഗ്ദാനം ചെയ്തെങ്കിലും പഞ്ചാബിലോ ദില്ലിയിലോ പാലിച്ചിട്ടില്ലെന്ന് നദ്ദ ആരോപിച്ചു.

എൽപിജി സിലിണ്ടറുകൾക്ക് സർക്കാർ 500 രൂപ സബ്‌സിഡി നൽകുമെന്നും ദീപാവലിക്കും ഹോളിക്കും ദില്ലിയിലെ ജനങ്ങൾക്ക് രണ്ട് സൗജന്യ സിലിണ്ടറുകൾ നൽകുമെന്നുംബിജെപി വാഗ്ദാനം ചെയ്യുന്നു.

ദില്ലിയിൽ ബിജെപി അധികാരത്തിലെത്തിയാൽ കേന്ദ്രത്തിന്‍റെ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് നദ്ദ ഉറപ്പുനൽകി. എഎപി സർക്കാർ ഈ കേന്ദ്ര പദ്ധതിയെ എതിർത്തിരുന്നു.

മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ ലഭിക്കും. ഇതോടെ പ്രായമായവർക്ക് നൽകുന്ന മൊത്തം ആരോഗ്യ പരിരക്ഷ 10 ലക്ഷമായി ഉയർത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *