കൊല്‍ക്കത്ത: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് ട്രോളുമായി ആരാധകര്‍. ഐപിഎല്‍ താരലേലത്തില്‍ ആര്‍സിബി ടീമിലെത്തിച്ച മൂന്ന് വെടിക്കെട്ട് താരങ്ങളുടെ നിറം മങ്ങിയ പ്രകടനമാണ് ആരാധകരുടെ പരിഹാസത്തിന് കാരണമായത്.

ഐപിഎല്‍ താരലേലത്തില്‍ ആര്‍സിബി ടീമിലെത്തിച്ച ഫില്‍ സാള്‍ട്ടും ലിയാം ലിവിംഗ്‌സ്റ്റണും ജേക്കബ് ബേഥലും ഇന്നെല ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനില്‍ കളിച്ചെങ്കിലും മൂന്ന് പേരും കൂടി ചേര്‍ന്ന് ആകെ നേടിയത് ഏഴ് റണ്‍സ് മാത്രമായിരുന്നു.

ഇംഗ്ലണ്ടിന്‍റെ ഓപ്പണറായ ഫില്‍ സാള്‍ട്ട് പൂജ്യത്തിന് പുറത്തായപ്പോള്‍ ലിയാം ലിവിംഗ്സ്റ്റണും പൂജ്യനായി മടങ്ങി. ബിഗ് ബാഷ് ലീഗില്‍ വെടിക്കെട്ട് പ്രകടനത്തിനുശേഷം എത്തിയ ജേക്കബ് ബേഥലാകട്ടെ 14 പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഓപ്പണറായിരുന്ന ഫില്‍ സാള്‍ട്ടിനെ 11.50 കോടി മുടക്കിയാണ് ആര്‍സിബി ഐപിഎല്‍ ലേലത്തില്‍ ടീമിലെത്തിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സ് ഹോം ഗ്രൗണ്ടായിട്ടും ഫില്‍ സാള്‍ട്ട് ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *