നെന്മാറ ഇരട്ടകൊലപാതകക്കേസ്‌ പ്രതി ചെന്താമരയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാകുമെന്ന് പാലക്കാട് എസ്പി അജിത് കുമാർ ഐപിഎസ്. 2 ദിവസത്തിനകം പ്രതിയെ കസ്റ്റഡിയിൽ എടുക്കാനാണ് നിലവിലെ തീരുമാനം. ക്രൈം വീണ്ടും പുനരാവിഷ്കരിച്ച് തെളിവെടുപ്പ് നടത്തും എസ് പി പറഞ്ഞു.പ്രാഥമിക അന്വേഷണത്തിൽ മനസിലായത് പ്രതി നടത്തിയത് ആസൂത്രിത കൊലപാതകമാണെന്നാണ്.

നല്ല മുന്നൊരുക്കത്തോടുകൂടിയാണ് എല്ലാം ചെയ്തിരിക്കുന്നത്. രാവിലെ 10 മണിക്കായിരുന്നു ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ആയുധങ്ങൾ അടക്കം കണ്ടെടുത്തത്തിൽ നിന്ന് അങ്ങനെയാണ് മനസിലാക്കാൻ സാധിക്കുന്നത്.

ചെന്താമരയ്ക്ക് എല്ലാവരോടും വൈരാഗ്യമാണ്. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. ആ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും എസ്പിപറഞ്ഞു.

പ്രതിയുടെ രീതികൾ തമ്മിൽ നല്ല വ്യത്യാസമാണ് ഉള്ളത്. ഒരു കടുവയാണ് താനെന്നാണ് സ്വയം കരുതിയിരിക്കുന്നത്. വിഷം കുടിച്ചു എന്ന് പ്രതി പറയുന്നു പക്ഷേ അത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. അന്വേഷണത്തെ വഴിതിരിച്ചുവിടാൻ കെട്ടിച്ചമച്ചതാണെന്നാണ് സംശയിക്കുന്നത്.

കൊലപാതകത്തിന് ഒരു മാസം മുൻപ് ഇയാൾ വീട്ടിലുണ്ട്. കൂടുതൽ പേരോട് വൈരാഗ്യം ഉള്ളതായി വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട സുധാകരനുമായി തലേ ദിവസം തർക്കം ഉണ്ടായതായി പ്രതി പറഞ്ഞിരുന്നുവെങ്കിലും അക്കാര്യത്തിൽ വ്യക്തതയില്ല. ആയുധങ്ങൾ എവിടെ നിന്നാണ് വാങ്ങിയതെന്നും വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *