മലയാള സിനിമ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതിനൊപ്പം വലിയ കാന്‍വാസില്‍ ലോകമെമ്പാടും ലൊക്കേഷനുകളുള്ള ചിത്രം എന്നതും എമ്പുരാന്‍റെ ഹൈപ്പ് ഉയര്‍ത്തുന്ന ഘടകമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച്. മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ഹൈപ്പോടെയെത്തിയ ടീസറും ഇതായിരുന്നു.

ഇപ്പോഴിതാ ടീസറിലെ തീം സോംഗ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ തീം സോംഗും ശ്രദ്ധ നേടിയിരുന്നു. ലൈക്ക് എ ഫ്ലെയിം എന്ന് ആരംഭിക്കുന്ന ഇംഗ്ലീഷ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്. ഇന്ദ്രജിത്തിന്‍റെ മകളും ഗായികയുമായ പ്രാര്‍ഥനയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് ദേവിന്‍റേതാണ് ചിത്രത്തിന്‍റെ സംഗീതം.

മലയാളത്തില്‍ എക്കാലത്തും നിര്‍മ്മിക്കപ്പെട്ടവയില്‍ ഏറ്റവും വലിയ ചിത്രം കൂടിയാവും എമ്പുരാന്‍.ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്. മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *