കൈക്കുഞ്ഞിനെ വൈപ്പറാക്കി കാറിന്‍റെ ഗ്ലാസിലെ മഞ്ഞ് തുടച്ച് നീക്കിയ സംഭവത്തില്‍ 25കാരനായ പിതാവിനെതിരെ ക്രിമിനല്‍ കേസ്. ടെക്സസിലാണ് സംഭവം. ടിക്ടോക്കില്‍ വൈറലായ വിഡിയോ മാധ്യമപ്രവര്‍ത്തകനായ കെവിന്‍ സ്റ്റീല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. കമ്പിളിയില്‍ പൊതിഞ്ഞ കുരുന്നിനെ രണ്ട് കൈകളും കൊണ്ട് ശക്തിയായി കാറിന്‍റെ ഗ്ലാസിന് മുകളിലിട്ട് അങ്ങോട്ടുമിങ്ങോട്ടും നീക്കി മഞ്ഞ് നീക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തില്‍ പോര്‍ട്ട് ആര്‍തര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യന്നു. സംഭവ സമയത്ത് മറ്റ് രണ്ട് സ്ത്രീകളും യുവാവിനൊപ്പമുണ്ടായിരുന്നുവെന്നും അവരില്‍ ഒരാള്‍ ഓടി വന്ന് കുട്ടിയെ നോക്കിയെന്നും കുഴപ്പമൊന്നും ഉണ്ടായില്ലെന്ന് ഉറപ്പാക്കി മടങ്ങുന്നതും കാണാം.