മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടീസർ റിലീസിന് പിന്നാലെ സിനിമയിൽ മമ്മൂട്ടിയും ഭാഗമാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.മമ്മൂട്ടി സാർ എമ്പുരാന്റെ ഭാഗമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘മമ്മൂട്ടി സാർ ഇല്ല.
ലൂസിഫർ ഫ്രാൻഞ്ചൈസിയുടെ ഈ പാർട്ടിൽ മമ്മൂട്ടി സാർ ഇല്ല’ എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ഇതോടെ സംശയങ്ങൾക്കെല്ലാം കർട്ടൻ വീണിരിക്കുന്നു എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. അതേസമയം ഫ്രാൻഞ്ചൈസിയുടെ ഈ പാർട്ടിൽ മമ്മൂട്ടി സാർ ഇല്ല എന്ന് പറഞ്ഞത് വഴി എമ്പുരാനിൽ ആണ് മമ്മൂട്ടി ഇല്ലാത്തതെന്നും ലൂസിഫർ മൂന്നാം ഭാഗത്തിൽ മമ്മൂട്ടി ഉണ്ടാകാൻ ചാൻസ് ഉണ്ടെന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്.
ചിത്രം ഐമാക്സിലും റിലീസിനെത്തുമെന്ന സൂചനയാണ് പൃഥ്വിരാജ് നൽകുന്നത്.ചിത്രം ഐമാക്സ് സ്ക്രീനുകളിൽ എത്തുകയാണെങ്കിൽ അത് കളക്ഷനെ വലിയ തോതിൽ വർധിപ്പിക്കാൻ കാരണമാകും. ഗംഭീര വിഷ്വൽ ട്രീറ്റ്ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ്എമ്പുരാൻ നിർമിക്കുന്നത്.
ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.