ഇംഗ്ലണ്ട് ട്വന്റി 20 ടീമിൽ ഇടം പിടിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് ജോ റൂട്ട്. ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുവാനാണ് ശ്രമിക്കുന്നത്. ഇംഗ്ലണ്ട് ട്വന്റി 20 ടീം നോക്കൂ. നിരവധി കഴിവുള്ള താരങ്ങൾ ഇംഗ്ലണ്ട് ടീമിലുണ്ട്. അവർക്ക് ലോകത്തിലെ എത്ര മികച്ച ബൗളർമാരുടെ കയ്യിൽ നിന്നും മത്സരം സ്വന്തമാക്കാൻ കഴിയും. ജോ റൂട്ട് ദക്ഷിണാഫ്രിക്കൻ ട്വന്റി 20ക്കിടെ പ്രതികരിച്ചു.
എല്ലാ ഫോർമാറ്റുകളിലും ഇംഗ്ലണ്ടിനായി ഇനിയും ഒരുപാട് കളിക്കാൻ ആഗ്രഹമുണ്ട്. എങ്കിലും ആ ലക്ഷ്യത്തിലേക്കെത്താൻ ഇനിയും ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ജോ റൂട്ട് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിലെ തകർപ്പൻ ബാറ്റിങ്ങിന് പിന്നാലെയാണ് ജോ റൂട്ടിനെ ഇംഗ്ലണ്ട് ടി20 ടീമിലേക്ക് വീണ്ടും പരിഗണിക്കണമെന്ന ആവശ്യം ഉയർന്നത്. പാൾ റോയൽസിനായി എട്ട് മത്സരങ്ങളിൽ നിന്നായി താരം ഇതുവരെ 279 റൺസ് നേടി.
140.2 സ്ട്രൈക്ക് റേറ്റിൽ 55.8 ശരാശരിയിലാണ് റൂട്ടിന്റെ ബാറ്റിങ്. മൂന്ന് അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 92 റൺസാണ് ഉയർന്ന സ്കോർ. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് റൂട്ട്.