മലപ്പുറം: എളങ്കൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്. കടുത്ത പീഡനമാണ് ഭര്‍ത്താവില്‍ നിന്ന് വിഷ്ണുജ നേരിട്ടതെന്ന് സുഹൃത്ത് പറയുന്നു. ഭയന്നാണ് വിഷ്ണുജ ജീവിതം മുന്നോട്ടുകൊണ്ടുപോയതെന്നും ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരീക്ഷിച്ചിരുന്നെന്നും സുഹൃത്ത് വെളിപ്പെടുത്തുന്നു.ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരന്തരം നിരീക്ഷിച്ചിരുന്നു.
ടെലഗ്രാം വഴിയാണ് ഇക്കാര്യം ചെയ്തിരുന്നത്. കഴുത്തുഞെരിച്ചും മറ്റും വിഷ്ണുജയെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചുവെന്നും സുഹൃത്ത് പറയുന്നു. കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് സുഹൃത്തും പ്രതികരിക്കുന്നത്.
“അതേസമയം യുവതിയുടെ മരണത്തിൽ ഭര്‍ത്താവ് പ്രബിനെ മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തരമായ മാനസികപീഡനത്തെ തുടര്‍ന്നാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സൗന്ദര്യമില്ലെന്നും ജോലിയില്ലെന്നും പറഞ്ഞ് വിഷ്ണുജയെ പ്രബിന് നിരന്തരം അപമാനിച്ചെന്നാണ് പരാതി. സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.