മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂർത്തിയായത്. കേക്ക് മുറിച്ചയായിരുന്നു ഇത് ആഘോഷിച്ചത്. വൃഷഭ ടീമിന്റെ മാസങ്ങളുടെ കഠിനാധ്വാനം, അർപ്പണബോധം എന്നിവ ആഘോഷിച്ച ചടങ്ങ് ഒരേ സമയം ആവേശം നിറഞ്ഞതും വൈകാരികവുമായിരുന്നു.നന്ദകിഷോർ ആണ് രചനയും സംവിധാനവു. കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്.
വലിപ്പം, ആകർഷകമായ കഥപറച്ചിൽ, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷൻ, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്‍മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
സിനിമ ഉപേക്ഷിച്ചുവെന്ന അഭ്യുഹങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം പാൻ ഇന്ത്യൻ തലത്തിലും ആഗോള തലത്തിലും വമ്പൻ സിനിമാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യുന്നു.
ഇപ്പോൾ ചിത്രീകരണം പൂർത്തിയാക്കിയ വൃഷഭ, സിനിമാ വ്യവസായത്തിലെ മുൻനിര വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയുമായി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലേക്ക് കടന്നിരിക്കുകയാണ്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകൾ മറികടക്കുന്ന ചിത്രമാക്കി വൃഷഭയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.
2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്‍തിരിക്കുന്ന വൃഷഭ തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് ഒരുക്കുന്നത്മറക്കാനാവാത്ത ഒരു സിനിമാ യാത്ര ഉറപ്പാക്കാൻ, തിരക്കഥയും വമ്പൻ സെറ്റുകളും മുതൽ ചിത്രത്തിന്റെ ഓരോ വശവും സൂക്ഷ്‍മമായി രൂപകൽപ്പന ചെയ്‍താണ് ഒരുക്കിയിരിക്കുന്നത്.’
പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്കായി ചിത്രം തയ്യാറെടുക്കുമ്പോൾ, ആരാധകർക്കായുള്ള എക്സ്ക്ലൂസീവ് കാഴ്ചകൾ, ബിഹൈൻഡ് ദി സീൻസ് ഉള്ളടക്കം, ചിത്രത്തിന്റെ റിലീസിലേക്ക് നയിക്കുന്ന ആവേശകരമായ പ്രമോഷണൽ കാമ്പെയ്ൻ എന്നിവയ്ക്കായി കാത്തിരിക്കാം.
ഇപ്പോൾ യാത്ര തുടങ്ങിയ വൃഷഭയിലൂടെ പ്രേക്ഷകർക്ക് മുമ്പ് കണ്ടതിൽ നിന്ന് വ്യത്യസ്‍തമായ ഒരു ഇതിഹാസ ദൃശ്യാനുഭവം തന്നെ പ്രതീക്ഷിക്കാം എന്നും അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു. പിആർഒ ശബരി.