കണ്ണൂര്‍: കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രം നടൻ മുകേഷ് രാജിവെച്ചാല്‍ മതിയാവുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. ധാര്‍മികതയുടെ പേരില്‍ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്നും സതീദേവി വ്യക്തമാക്കി.
കണ്ണൂര്‍ സി.പി.എം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സതീദേവി.ധാര്‍മികത ഒരോ ആളുകളെയും സംബന്ധിച്ച് വ്യത്യസ്തമായിരിക്കും. ധാര്‍മികത ഉയര്‍ത്തിപിടിച്ച് രാജിവെക്കണമോ എന്ന് മുകേഷാണ് തീരുമാനിക്കേണ്ടത്. കോടതി രണ്ടുവര്‍ഷത്തിന് മുകളില്‍ ശിക്ഷിക്കുന്ന പക്ഷമാണ് എം.എല്‍.എ സ്ഥാനം രാജിവെയ്‌ക്കേണ്ടതായിട്ടുള്ളത്. കേസിന്റെ വിചാരണ നടന്ന് കോടതിയുടെ തീരുമാനം വന്ന ശേഷം അദ്ദേഹത്തിന് തീരുമാനിക്കാവുന്നതാണ്’- സതീദേവി പറഞ്ഞു.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്‌ക്കെതിരായി നല്‍കിയ പരാതി. മുകേഷിനെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയില്‍ സന്ദേശങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍പറഞ്ഞിരിക്കുന്നത്.