മുംബൈ: ഇംഗ്ലണ്ടിനെ അവസാന ടി20യില്‍ 54 പന്തില്‍ 135 റണ്‍സാണ് അഭിഷേക് ശര്‍മ അടിച്ചെടുത്തത്. 13 സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ ടി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടി അഭിഷേക് സ്വന്തം പേരിലാക്കി. 37 പന്തിലാണ് അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 35 പന്തില്‍ സെഞ്ചുറി നേടിയിട്ടുള്ള രോഹിത് ശര്‍മയാണ് ഒന്നാമന്‍. 40 പന്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിനെ പിന്തള്ളാന്‍ അഭിഷേകിന് സാധിച്ചു.

ലോക ടി20 ക്രിക്കറ്റില്‍ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയാണിത്. 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്തും ഡേവിഡ് മില്ലറും ഒന്നാമത്.മത്സരത്തിന് ശേഷം അഭിഷേക് തന്റെ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിച്ചു. തന്നെ പിന്തുണച്ച യുവരാജ് സിംഗിനെ കുറിച്ചും അഭിഷേക് സംസാരിക്കുന്നുണ്ട്. ”യുവി പാജി ഏറെ സന്തോഷിക്കുന്നുണ്ടാവും. അദ്ദേഹം എന്നോട് എപ്പോഴും പറയും 16 ഓവര്‍ ബാറ്റ് ചെയ്യാന്‍.

എന്നില്‍ ആദ്യം വിശ്വസമര്‍പ്പിച്ചത് അദ്ദേഹമാണ്. ഈ ഫോമിനെല്ലാം കാരണം യുവരാജാണ്. എന്നോട് ഏറെ ഇടപഴകിയതും ഒരുക്കിത്തന്നതും അദ്ദേഹമാണ്. അദ്ദേഹം എപ്പോഴും എനിക്കൊപ്പം ഉണ്ട്. അങ്ങനെ ഒരാള്‍ പിന്തുണയ്ക്കാനുള്ളത് മനോവീര്യം വര്‍ദ്ധിപ്പിക്കുന്നു.

” അഭിഷേക് പറഞ്ഞു.സൂര്യകുമാര്‍ യാദവിനെ കുറിച്ചും അഭിഷേക് സംസാരിച്ചു. ”ഞാന്‍ എന്റെ 90കളില്‍ നില്‍ക്കുമ്പോള്‍ വിക്കറ്റുകള്‍ വീണു. 2-3 പന്തുകളെടുത്ത് കളിക്കൂവെന്നാണ് അപ്പോള്‍ സൂര്യ എന്നോട് പറഞ്ഞത്. ക്യാപ്റ്റനും കോച്ചും നല്‍കുന്ന പിന്തുണ ഏറെ വലുതാണ്.” അഭിഷേക് വ്യക്തമാക്തി.

ഇംഗ്ലണ്ടിനെതിരെ വാംഖഡെയില്‍ നടന്ന അഞ്ചാം ടി20യില്‍ 150 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് എല്ലാവരും പുറത്തായി. മുൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം നേടിയ ശിവം ദുബെ, അഭിഷേക് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 55 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട്ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഭിഷേക് ശര്‍മയുടെ സെഞ്ചുറിയാണ് (54 പന്തില്‍ 135) കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *