മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്. പരമ്പരയിലെ അവസാന മത്സരത്തിലെ സെഞ്ചുറി പ്രകടനത്തോടെ ടി20 യിലെ ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും താരം കരസ്ഥമാക്കിയിരുന്നു. 37 പന്തില്‍ മൂന്നക്കം കടന്ന താരം രോഹിത് ശര്‍മയെയാണ് മറികടന്നത്.
വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തില്‍ വിരാട് കോലിയുടെ റെക്കോഡും മറികടന്നിരിക്കുകയാണ് താരം.ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളില്‍ നിന്നായി 279 റണ്‍സാണ് അഭിഷേക് ശര്‍മ അടിച്ചെടുത്തത്. 2021 ല്‍ കോലി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 231 റണ്‍സ് നേടിയിരുന്നു.
ഇന്ത്യക്കായി ഒരു ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഭിഷേക് രണ്ടാമതുമെത്തി. 280 റണ്‍സുമായി തിലക് വര്‍മയാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാല് ഇന്നിങ്സുകളില്‍ നിന്നാണ് തിലക് 280 റണ്‍സെടുത്തത്.
പട്ടികയില്‍ മൂന്നാമത് കോലിയും നാലാമത് കെ.എല്‍ രാഹുലുമാണ്.ഇംഗ്ലണ്ടിനെതിരേ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ 54 പന്തില്‍ നിന്ന് 135 റണ്‍സാണ് അഭിഷേക് ശര്മയെടുത്തത്. 13 സിക്സറുകളുമായി ഒരു അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്ററായും താരം മാറി.