ദമ്പതികൾ അടക്കമുള്ള സംഘത്തെ പത്തനംതിട്ട പൊലീസ് അകാരണമായി മർദ്ദിച്ച സംഭവത്തിൽ എസ് ഐക്ക് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. ബാറിനു മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയെത്തിയ പൊലീസ് ആളു മാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്ന് സൂചന.
എസ് ഐ എസ് ജിനുവും സംഘവുമാണ് മർദ്ദിച്ചത്. ബാർ ജീവനക്കാരനാണ് പൊലീസിനെ വിളിച്ചത്. രാത്രി ബാർ അടയ്ക്കാൻ നേരം മദ്യം ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ എത്തിയെന്ന് ബാർജീവനക്കാരൻ പറഞ്ഞു.
ഇവർ പിരിഞ്ഞു പോകാതായതോടെ പൊലീസിന്റെ സഹായം തേടുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ പൊലീസ് വന്നതോടെ മദ്യം ആവശ്യപ്പെട്ടവർ ഓടിപ്പോയെന്നും പിന്നീട് നടന്നത് എന്താണെന്ന് അറിയില്ലെന്നും ബാർ അക്കൗണ്ടന്റ് പറഞ്ഞു. അതേസമയം സ്ത്രീകൾക്ക് നേരെ ലാത്തി പ്രയോഗിച്ചു എന്ന പരാതി അടിസ്ഥാനരഹിതമാണെന്നാണ് പൊലീസിന്റെ പ്രതികരണം.