ആദ്യ സിനിമ സ്റ്റാർ വാല്യൂ ഇല്ലാത്ത പിള്ളേരെ വെച്ച് ഹിറ്റടിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. അരുൺ ഡി ജോസ് എന്ന എഡിജെ അത്തരത്തിൽ ആദ്യ സിനിമയിലൂടെ തന്നെ ഹിറ്റടിച്ച സംവിധായകനാണ്. നസ്ലെനും മാത്യുവും ഒപ്പം നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ജോ ആൻഡ് ജോ’ ഗംഭീര പ്രതികരണങ്ങൾ നേടി ബോക്സ് ഓഫീസിൽ ഹിറ്റായി. കോവിഡിന് ശേഷം തിയേറ്ററിലെത്തിയ സിനിമ ലോക്ഡൗണിനിടെ വീടുകളിൽ ലോക്ക് ആയി പോയ കൗമാരക്കാരെ കുറിച്ചാണ് പറഞ്ഞത്.
ഇതോടെ അരുൺ ഡി ജോസ് എന്ന സംവിധായകനെയും സിനിമയെയും കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.കൗമാരക്കാരുടെ പ്രണയവും ഒളിച്ചോട്ടവും തുടർന്നുള്ള സംഘർഷങ്ങളും നർമത്തിൽ ചാലിച്ചാണ് രണ്ടാമത്തെ സിനിമയുമായി എഡിജെ എത്തിയത്. 18+ എന്ന ചിത്രം കൈകാര്യം ചെയ്ത വിഷയം കൊണ്ടും സംവിധാനത്തിലെ കൈയ്യടക്കം കൊണ്ട് തിയേറ്ററുകളിൽ സ്വീകരിക്കപ്പെട്ടു.
നസ്ലെനും മാത്യുവും മീനാക്ഷിയും സോഷ്യൽ മീഡിയ താരങ്ങളായ സാഫ് ബോയും അനുവിനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ റൊമാന്റിക് കോമഡി ഡ്രാമയായിരുന്നു .മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ, ശ്യാം മോഹൻ തുടങ്ങിയ വൻ താരനിരയുമായി എത്തുന്ന ബ്രോമാൻസ് ആണ് ഇനി അരുൺ ഡി ജോസിന്റേതായി പുറത്തിറങ്ങുന്ന സിനിമ.
ആദ്യ രണ്ട് സിനിമകളെ പോലെ യൂത്തിന്റെ കഥ തന്നെയാണ് ഈ സിനിമയും പറയുന്നതെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. വാലെന്റൈൻസ് ദിനമായ ഫെബ്രുവരി 14 ന് ആണ് ബ്രോമാൻസ് തിയേറ്ററിലെത്തുന്നത്. ആദ്യ രണ്ട് സിനിമകളെപ്പോലെ ബ്രോമാൻസും പ്രേക്ഷകരെ ചിരിച്ചിപ്പിരുത്തും എന്നാണ് പ്രതീക്ഷ.