ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ ഇംഗ്ലണ്ടിന്റെ പരാജയത്തിന് കാരണം ശ്രേയസ് അയ്യരുടെ പ്രകടനമാണെന്ന് ക്യാപ്റ്റൻ ജോസ് ബട്‌ലര്‍. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുമ്പോള്‍ മധ്യനിര താരം ശ്രേയസ് അയ്യരുടെ 59 റണ്‍സ് നിര്‍ണായകമായിരുന്നു. അതേസമയം ഓള്‍ഔട്ടാകാതെ അവസാന ഓവര്‍ വരെ പിടിച്ചുനിന്ന് ഇംഗ്ലണ്ടിന് 50 റണ്‍സ് കൂട്ടിച്ചേര്‍ക്കാമായിരുന്നെന്നും ബട്‌ലര്‍ അഭിപ്രായപ്പെട്ടു.മത്സരം വിജയിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്.
പവര്‍പ്ലേയില്‍ ഞങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് പക്ഷേ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. വിക്കറ്റ് കളയാതെ അവസാന ഓവർ വരെ കളിച്ച് 40-50 റണ്‍സ് കൂടി നേടാമായിരുന്നു. ഓപണർമാർ നന്നായി തുടങ്ങി. ആ ഘട്ടത്തില്‍ മത്സരം സമനിലയിലായിരുന്നു. പക്ഷേ ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് കെട്ടിപ്പടുത്തതോടെ മത്സരം ഇംഗ്ലണ്ടിന്റെ കൈവിട്ടുകളഞ്ഞു’ മത്സരശേഷം ബട്ട്ലര്‍ പറഞ്ഞു.ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിന്റെ ഭാഗമല്ലായിരുന്നു ശ്രേയസ്. എന്നാല്‍ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിക്ക് പരിക്കേറ്റപ്പോള്‍ ശ്രേയസിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കിട്ടിയ അവസരം ശ്രേയസ് നന്നായി പ്രയോജനപ്പെടുത്തുന്നതാണ് നാഗ്പൂരില്‍ കാണാനായത്.ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ നിര്‍ണായക അര്‍ധ സെഞ്ച്വറി നേടിയാണ് ശ്രേയസ് തിളങ്ങിയത്. 30 പന്തിലാണ് ശ്രേയസ് അര്‍ധ സെഞ്ച്വറി തികച്ചത്. മത്സരത്തില്‍ 36 പന്തില്‍ 59 റണ്‍സെടുത്താണ് ശ്രേയസ് മടങ്ങിയത്.
രണ്ട് സിക്സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു ശ്രേയസ്സിന്റെ മാസ് ഇന്നിങ്സ്. ജോഫ്ര ആര്‍ച്ചറിന്റെ ഓവറില്‍ തുടര്‍ച്ചയായി സിക്സര്‍ പറത്തി ശ്രേയസ് ഞെട്ടിച്ചിരുന്നു.