ന്യൂഡൽഹി: ഭക്ഷണം സീറ്റില്‍ വീണതിന്‍റെ പേരില്‍ ബസില്‍ യുവാവിനെ മൂന്നുപേർ ചേർന്ന് മ‍ർദ്ദിച്ച് കൊലപ്പെടുത്തി. ഡൽഹി നരേല സ്വദേശി ബാബു എന്ന മനോജ് ആണ് കൊല്ലപ്പെട്ടത്. ബവാനയില്‍ റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍റെ ബസിലായിരുന്നു ക്രൂര കൊലപാതകം. ഫെബ്രുവരി രണ്ടിന് ബവാന ഫ്ലൈഓവറിന് സമീപം റോഡരികിൽ നിന്നുമാണ് മനോജിന്റെ മൃതദേഹം പൊലീസിന് ലഭിച്ചത്.വിവാഹ വീടുകളില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു മനോജ്.

ഫെബ്രുവരി ഒന്നിന് മനോജും കൂടെയുണ്ടായിരുന്ന സുഹൃത്ത് ദിനേശും സുൽത്താൻപൂർ ദബാസിലെ വിവാഹ ചടങ്ങ് കഴിഞ്ഞതിനു ശേഷം മടങ്ങുകയായിരുന്നു. ബാക്കിയായ ഭക്ഷണം പിന്നീട് കഴിക്കാനായി ഇരുവരും ചേര്‍ന്ന് പൊതിഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് ബസില്‍ കയറിയപ്പോൾ മനോജിന്‍റെ കയ്യിൽ നിന്നും ഭക്ഷണം ബസിലെ സീറ്റിലും തറയിലും വീണു.

ഇതിന്‍റെ പേരിൽ തർക്കമാവുകയും ബസ്ഡ്രൈവറും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മനോജിനെ ഇരുമ്പ് വടികൊണ്ടടക്കം മര്‍ദിച്ച് അവശനാക്കി.സ്വകാര്യഭാ​ഗങ്ങളിലും ഇവർ ഇരുമ്പ് വടി ഉപയോ​ഗിച്ച് ക്രൂരമായി പരിക്കേൽപ്പിച്ചു.

ചൗക്ക് സ്റ്റോപ്പിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ദിനേശ് ഇറങ്ങിയെങ്കിലും മനോജിനെ ബസിലുള്ളവര്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. പിന്നാലെ ഡ്രൈവർ ആശിഷും കൂട്ടാളികളും മനോജിനെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.

അബോധാവസ്ഥയിലായ മനോജിനെ ഫ്ലൈഓവറിന് സമീപം ഉപേക്ഷിക്കുകയായികുന്നു.പോസ്റ്റ്‌മോർട്ടത്തില്‍ മനോജിന്‍റെ സ്വകാര്യ ഭാഗങ്ങളിലടക്കം നിരവധി മുറിവുകളുള്ളതായി പൊലീസ് പറയുന്നു. ഫെബ്രുവരി രണ്ടിന് പുലർച്ചെ മുതൽ സഹോദരനെ കാണാനില്ലെന്ന് മനോജിന്‍റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് പ്രതികളിലൊരാളായ കരാല നിവാസിയായ സുശാന്ത് ശർമ്മ എന്ന ചുട്കുളിയെ അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പ്രതികളെ പിടികൂടാൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചതായി ഡിസിപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *