2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന വനിതാ ടി20 ലോകകപ്പിനിടെ ഒത്തുകളി നടത്തിയെന്നാരോപിച്ച് ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ഷോഹെലി അക്തറിന് ക്രിക്കറ്റിൽ നിന്നും അഞ്ച് വർഷത്തെ വിലക്ക്. 36-കാരിയായ താരം കുറ്റം സമ്മതിക്കുകയും ഐസിസി അഴിമതി വിരുദ്ധ നിയമത്തിലെ അഞ്ച് വ്യവസ്ഥകൾ ലംഘിച്ചതായി സമ്മതിക്കുകയും ചെയ്തു.
ഷോഹെലിയുടെ അയോഗ്യതാ കാലാവധി 2025 ഫെബ്രുവരി 10-ന് ആരംഭിച്ചു. ഐസിസിയാണ് ഇക്കാര്യം അറിയിച്ചത്.2023-ൽ ധാക്കയിലെ ഏജൻസി താരത്തിന്റെ ഒരു ഓഡിയോ പുറത്തുവിട്ടിരുന്നു. അന്ന് ടീമിൽ നിന്നും പുറത്തായിരുന്നു താരം ടീമിലുണ്ടായിരുന്ന മറ്റൊരു താരത്തിന് ഹിറ്റ് വിക്കറ്റാകാൻ 2 മില്യൺ ബംഗ്ലാദേശി ടാക്ക (ഏകദേശം 16,400 യുഎസ് ഡോളർ) വാഗ്ദാനം ചെയ്തുവെന്നായിരുന്നു ആരോപണം.
എന്നാൽ ഇത് താരം നിഷേധിച്ചു. എന്നാൽ അന്വേഷണത്തിനൊടുവിൽ താരം വാതുവെപ്പിന് ശ്രമിച്ചതായും പണം സ്വീകരിച്ചതായും കണ്ടെത്തുകയായിരുന്നു. ബംഗ്ലാദേശിനായി രണ്ട് ഏകദിനങ്ങളും 13 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഐസിസിയുടെ അഴിമതി വിരുദ്ധ നിയമ പ്രകാരം വിലക്ക് ലഭിക്കുന്ന ആദ്യ വനിതാ താരമാണ് ഷോഹെലി അക്തർ.