ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പല ടീമുകളുടെയും പ്രധാന താരങ്ങൾ ടീമിന് പുറത്താണ്. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ചാംപ്യൻമാരുടെ പോരാട്ടത്തിന്റെ മാറ്റ് കുറയ്ക്കുന്നതും ചില ചാംപ്യൻ താരങ്ങളുടെ അഭാവമായിരിക്കും.
പരിക്കുകൾ, വ്യക്തിപരമായ കാരണങ്ങൾ, അപ്രതീക്ഷിത വിരമിക്കൽ തുടങ്ങി പല കാരണങ്ങളാണ് ആരാധകർക്കും ടീമിനും ഈ മിന്നും താരങ്ങളെ നഷ്ടപ്പെടാൻ കാരണം.ഈകളിക്കാരുടെ അഭാവം ടൂർണമെന്റിന്റെ ആവേശത്തെ തന്നെ ബാധിക്കും
ചില ടീമുകൾക്ക് പകരക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ചില താരങ്ങൾക്ക് അതേ രീതിയിലുള്ള പകരക്കാരെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ടൂർണമെന്റ് വികസിക്കുംതോറും ഈ താരങ്ങളുടെ അഭാവവും മുഴച്ചുനിൽക്കും. പല കാരങ്ങളാൽ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നഷ്ടമായ താരങ്ങളിലേക്ക് ഒരു എത്തിനോട്ടം.
ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ജസ്പ്രീത് ബുംമ്ര പരിക്കേറ്റ് പുറത്തായതാണ് ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ നഷ്ടം. അടുത്തിടെ സമാപിച്ച ഓസീസിനെതിരെയുള്ള ബോർഡർ ഗാവസ്കർ ട്രോഫിയിൽ വെച്ചാണ് താരത്തിന് പരിക്കേറ്റത്.
ഈ ടൂര്ണമെന്റിലും ടീമിന്റെ കുന്തമുന 32 വിക്കറ്റുകൾ നേടി ടൂർണമെന്റ് താരമായ ബുംമ്രയായിരുന്നു.സമീപ കാലത്ത് നടന്ന ടി 20 ലോകകപ്പിലും 2023 ൽ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫെനലിലെത്തിച്ചത് ബുംമ്രയുടെ മാസ്മരിക പ്രകടനം കൂടിയായിരുന്നു. ബുംമ്രയ്ക്ക് പകരം പുതുമുഖക്കാരനായ ഹർഷിത് റാണയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ബുംമ്രയുടെ വിടവ് നികത്തപ്പെടാതെ അങ്ങനെ തന്നെ നിൽക്കും.
നാഗ്പൂരിൽ ഇന്ത്യയ്ക്കെതിരായ ഏകദിന മത്സരത്തിനിടെയുണ്ടായ പരിക്കിനെ തുടർന്ന് യുവ ബാറ്റിങ് ഓൾറൗണ്ടർ ജേക്കബ് ജേക്കബ് ബെതലിനെ ഇംഗ്ലണ്ട് ഒഴിവാക്കിയിട്ടുണ്ട്. സ്പിൻ അനുകൂല പിച്ചുകളിൽ നന്നായി കളിക്കുന്ന താരം കൂടിയാണ് ബെതൽ. താരത്തിന്റെ ഇടംകൈയ്യൻ സ്പിന്നും ഇംഗ്ലണ്ടിന് നഷ്ടമാകും. പകരക്കാരനായി ടോം ബാന്റണെ ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിലും യുവ താരത്തിന്റെ നഷ്ടം അങ്ങനെ തന്നെ തുടരും.