തിരുവനന്തപുരം: കിളിയൂർ ജോസിൻ്റെ കൊലപാതകത്തിലെ പ്രതി പ്രജിൻ യൂട്യൂബിൽ ഏറ്റവുമധികം കണ്ടത് മാർക്കോ സിനിമയിലെ ‘ആണായി പിറന്നോനെ ദൈവം പാതി സാത്താനെ’ എന്ന ഗാനം. വീട്ടിൽ സാമ്പത്തിക വിഷയത്തിൽ തർക്കം നടന്നിരുന്നെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

മെഡിക്കൽ പഠനത്തിനായി പ്രജിനെ അയച്ചതിലടക്കം കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ജോസിൻ്റെ കൊലപാതകത്തിനു മുൻപ് സിനിമ ചെയ്യുന്നതിനായി പ്രജിൻ കോടികൾ ആവശ്യപ്പെട്ടിരുന്നു.

സാമ്പത്തിക വിഷയങ്ങളിൽ നിരന്തരം തർക്കം നടന്നുവെങ്കിലും ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് സുഷമ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കുടുംബം ഉയർത്തിയ ആരോപണങ്ങളിൽ വിശദമായ പരിശോധന അന്വേഷണസംഘംതുടരുകയാണ്.

കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്ന് സംശയം ഉയ‍ർന്നിരുന്നു. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ മുഴുവൻ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

പ്രജിൻ്റെ മുറിയിലെ ബാത്ത്റൂമിനുള്ളിൽ രോമങ്ങൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ഏഴ് വർഷത്തിലധികമായി തങ്ങൾ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്ന് അമ്മ സുഷമ വെളിപ്പെടുത്തിയിരുന്നു.

കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്.

മുറിയിൽ നിന്നും ഓം പോലെയുള്ള ശബ്ദം കേൾക്കുമായിരുന്നുവെന്നും മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഷമ പറഞ്ഞു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെന്നത് അറിഞ്ഞതെന്നും അവർ പറഞ്ഞിരുന്നു.ഫെബ്രുവരി അഞ്ചാം തീയതി ബുധനാഴ്ച രാത്രിയായിരുന്നു വീട്ടിലെ സോഫയിൽ ഉറങ്ങിക്കിടന്ന ജോസിൻ്റെ മകൻ പ്രജിൻ കഴുത്തിന് വെട്ടി കൊലപ്പെടുത്തുന്നത്.

അമ്മ സുഷമയെ സാക്ഷി നി‍ർത്തിയാണ് പ്രജിൻ പിതാവിനെ ആക്രമിച്ചത്. ഭർത്താവിനെ രക്ഷിക്കാൻ കഴിയാതെ ബോധരഹിതയായി സുഷമ നിലത്തുവീണിരുന്നു. പ്രാണരക്ഷാർത്ഥം അടുക്കള വഴി പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ജോസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

24 വെട്ടുകളാണ് സ്വന്തം മകനിൽ നിന്നും ജോസിൻ്റെ ശരീരത്തിൽ ആഴത്തിൽ ആഴ്ന്നിറങ്ങിയത്. പിതാവിനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ ശേഷം പ്രജിൻ വെള്ളറട പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി.

Leave a Reply

Your email address will not be published. Required fields are marked *