കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹിയും നടനുമായ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നിര്‍മാതാക്കളുടെ സംഘടന. നടന്‍ നിരുപാധികം മാപ്പ് പറയണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരേയും നിര്‍മാതാവ് സുരേഷ് കുമാറിനെതിരേയും ജയന്‍ ചേര്‍ത്തല വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
നിര്‍മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താരസംഘടനയായ അമ്മയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടനെതിരെ വക്കീല്‍ നോട്ടീസുമയച്ചു. കഴിഞ്ഞ ഫെബ്രുവരി 14-നാണ് ജയന്‍ ചേര്‍ത്തലവാര്‍ത്താസമ്മേളനം നടത്തിയത്.
വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേഴ്‌സ് അസോയിയേഷന്‍ നല്‍കിയെന്നും നിര്‍മാതാക്കളുടെ സംഘടനയെ പല കാലത്തും സഹായിച്ച അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍ അമിതപ്രതിഫലം വാങ്ങിയെന്ന് ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും ജയന്‍ ചേര്‍ത്തല വ്യക്തമാക്കിയിരുന്നു.”
എന്നാല്‍ അമ്മയും നിര്‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നുവെന്നും അതില്‍ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും അമ്മയുടെ സഹായമല്ല അതെന്നും നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
ഇത്തരം ഒരു ഷോയ്ക്ക് മോഹന്‍ലാല്‍ സ്വന്തം പണം മുടക്കി ടിക്കറ്റെടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയും തെറ്റാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു.”