ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ വിജയ് യേശുദാസ് ചിത്രത്തിലെ ഒരു ഗാനം ആലപിച്ചു.

ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാര്‍ത്ഥത്തില്‍ വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകര്‍ക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകള്‍ സമ്മാനിച്ച ചാക്കോച്ചന്‍ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററില്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെന്നും വെളിപ്പെടുത്തി.

ജേക്‌സ് ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീന്‍, രമ്യ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഇമോഷണല്‍ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്‌റഫാണ് സംവിധായകന്‍. ‘ഇരട്ട’ എന്ന ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയാണ് ജിത്തു അഷ്റഫ്.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.”ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചന്‍ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ചമന്‍ ചാക്കോ ചിത്രസംയോജനവും ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *