ബെംഗ്ലൂരു: കർണാടകയിൽ കളിക്കുന്നതിനിടെ തോക്ക് പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം. മണ്ടിയയിലെ നാഗമംഗലയിലാണ് സംഭവം. പതിനഞ്ച് വയസ് പ്രായമുള്ള കുട്ടിക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. പതിനഞ്ചുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. പഞ്ചിമ ബംഗാൾ സ്വദേശികളുടെ മകനായ അഭിജിത് ആണ് മരിച്ചത്.
നാല് വയസുകാരന്റെ മാതാപിതാക്കൾ കോഴി ഫാമിലായിരുന്നു ജോലി നോക്കിയിരുന്നു. ഇവിടെ എത്തിയ പതിനഞ്ചുകാരനും അഭിജിത്തും ഒരുമിച്ച് കളിച്ചു. ഇതിനിടെ പതിനഞ്ചുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു.
കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റതെന്നാണ് വിവരം. കുട്ടിയുടെ അമ്മയ്ക്ക് കാലിന് വെടിയേറ്റിരുന്നു. ഉടൻ തന്നെ ഇരുവരേയും തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് വയസുകാരന് വലിയ രീതിയിൽ രക്തസ്രാവമുണ്ടായിരുന്നു. ഇതാണ് മരണകാരണമായത്. കുട്ടിയുടെ അമ്മയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.