തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ടിനെതിരെ നൽകിയ ഹർജിയിൽ തീർപ്പു കൽപ്പിക്കാതെ വിവരാവകാശ കമ്മീഷൻ. അന്തിമവാദം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ തീർപ്പുകൽപ്പിച്ചിട്ടില്ല. വിവരാവകാശ കമ്മീഷന്റെ നീക്കത്തിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ പൂഴ്ത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.കഴിഞ്ഞ ഡിസംബർ ഏഴിന് ഹർജിയിൽ തീർപ്പ് കൽപ്പിക്കാനായിരുന്നു തീരുമാനം, എന്നാൽ അവസാന നിമിഷം വിധി മാറ്റിവെക്കുകയായിരുന്നു.വിധി മാറ്റിവെച്ചെന്ന് ഹർജിക്കാരെ അറിയിച്ചത് മിനിറ്റുകൾക്ക് മുമ്പ്
കഴിഞ്ഞ വർഷം ജൂലൈ 23 ന് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അഞ്ച് പേജുകൾ പൂഴ്ത്തിവെച്ചതിന് എതിരെ ഹർജി സമർപ്പിച്ചത്. ഫീസ് വാങ്ങിയതിനു ശേഷമായിരുന്നു പൂഴ്ത്തിവെക്കൽ. കൂടുതൽ പേജുകൾ പുറത്തുവിടാൻ സാംസ്കാരിക വകുപ്പ് സന്നദ്ധത അറിയിച്ചിരുന്നു. പൂഴ്ത്തിയ 21 പേജുകളും പുറത്ത് വിടാനായിരുന്നു നീക്കം.കൂടുതൽ പേജുകൾ പുറത്തുവിടാൻ തയ്യാറെടുക്കുന്നതിനിടെ അവസാന നിമിഷം ഹർജിയിൽ തടസവാദം ഉയർത്തുകയായിരുന്നു.
പിന്നാലെ വിധി മാറ്റാൻ മുഖ്യ വിവരാവകാശ കമ്മീഷണർ ഹരി വി നായർ നിർദ്ദേശിച്ചു. പിന്നീട് ഹർജി പരിഗണിച്ച കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീമിനെയും ഹർജികൾ ഹരി വി നായരുടെ അധ്യക്ഷതയിലുളള ഡിവിഷൻ ബെഞ്ചിലേക്കും മാറ്റി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പറയുന്ന കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ നിയമപ്രകാരം മുന്നോട്ട് പോകാന്‍ പൊലീസ് ബാധ്യസ്ഥരാണെന്ന് നേരത്തെ സുപ്രീംകോടതി പറഞ്ഞിരുന്നു. പൊലീസിന്റെ അന്വേഷണ അധികാരങ്ങള്‍ തടയുന്നതിനുള്ള നിര്‍ദേശം നല്‍കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹേമാ കമ്മിറ്റി റിപ്പോര്ട്ടിന്മേല് അന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്ത് നിര്‍മ്മാതാവ് സജിമോന്‍ പാറയിലും നടിയും നല്കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നില്ല.