ദുബായ്:ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സമീപകാലത്തെ പ്രകടനങ്ങളും കളിക്കാരുടെ ഫോമും കണക്കിലെടുത്താല്‍ പാകിസ്ഥാന് മേല്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ടെങ്കിലും ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ പ്രവചനങ്ങള്‍ അപ്രസക്തമാണ്.

ചാമ്പ്യൻസ് ട്രോഫിയില്‍ നാളെ നടക്കുന്ന പാകിസ്ഥാനെതിരായ പോരാട്ടില്‍ ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാകുക ബാബര്‍ അസമോ, ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാനോ, പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയോ ഒന്നുമായിരിക്കില്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം പിയൂഷ് ചൗള.

പാക് നിരയില്‍ ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാകുന്ന താരം ആഗ സ്ല്‍മാനായിരിക്കുമെന്ന് ചൗളപറഞ്ഞു.തന്‍റേതായ ദിവസത്തില്‍ ഒറ്റക്ക് കളി മാറ്റിമറിക്കാന്‍ കെല്‍പുള്ള താരമാണ് ആഗ സല്‍മാനെന്ന് പിയൂഷ് ചൗള വ്യക്തമാക്കി. ആക്രമിച്ചു കളിക്കുന്ന താരമാണ് സല്‍മാന്‍. ദക്ഷിണാഫ്രിക്കക്കെതിരെ 350 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ സല്‍മാന്‍റെ സെഞ്ചുറിയിലൂടെ നമ്മള്‍ കണ്ടതാണ്.

ന്യൂസിലന്‍ഡിനെതിരെ പ്രതീക്ഷ നഷ്ടമായഘട്ടത്തിൽ പോലും അവന്‍ ആക്രമിച്ചു കളിച്ചിരുന്നു. ആക്രമിച്ചു കളിക്കുന്ന ആഗ സല്‍മാന് കളിയുടെ ഗതി തിരിക്കാനാവുമെന്നും പിയൂഷ് ചൗള വ്യക്തമാക്കി.

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യയെക്കാള്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരം തോറ്റിറങ്ങുന്ന പാകിസ്ഥാനുണ്ട്. ഇന്ത്യക്കെതിരായ മത്സരം തോറ്റാല്‍ ആതിഥേയരായ പാകിസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താവും. എന്നാല്‍ ദുബായില്‍ ഇന്ത്യയെക്കാള്‍ കളിച്ച് പരിചയമുള്ള പാകിസ്ഥാന് സാഹചര്യങ്ങളുടെ ആനുകൂല്യ ലഭിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *