നാടിനെ ഞെട്ടിക്കുന്ന, മനുഷ്യമനഃസാക്ഷിയെ വരെ നാണിപ്പിക്കുന്ന തരത്തിലുള്ള കൊലപാതകങ്ങളാണ് കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലഹരിയുടെ പുറത്തും, പക മുലവും, വ്യക്തമായ കാരണമില്ലാതെയും നിരവധി കുറ്റകൃത്യങ്ങൾ.

സ്വന്തം ചോരയെന്ന് പോലും നോക്കാതെയുളള, പെറ്റമ്മയെന്ന് പോലും നോക്കാതെയുളള കൊലപാതകങ്ങൾ. ഏറ്റവും ഒടുവില്‍ വെഞ്ഞാറമൂട് കൂട്ടക്കൊല. 2025ലേക്ക് കടന്ന മലയാളിയുടെ മുൻപിൽ ക്രൂരകൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ് അരങ്ങേറുന്നത്.

ജന്മം നൽകിയതിന് ശിക്ഷ! പെറ്റമ്മയെ കൊന്ന ലഹരിക്കടിമയായ മകൻ

ജനുവരി 18നാണ് കേരളം ഞെട്ടിയ ആ സംഭവമുണ്ടാകുന്നത്. കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നുവെന്ന വാർത്ത മലയാളികളെ ആകെ സങ്കടത്തിലാക്കിയതാണ്. ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് പൂർണ്ണമായും കിടപ്പിലായിരുന്ന സുബൈദയെയാണ് മകൻ ആഷിഖ് വെട്ടിക്കൊന്നത്.

കോളേജ് കാലം മുതൽക്കേ ലഹരിക്കടിമയായിരുന്നു ആഷിഖ്. പിന്നാലെ ആഷിഖ് വീട്ടിൽ പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇത്തരത്തിൽ പ്രശ്നമുണ്ടാക്കിയപ്പോൾ ഒരു തവണ നാട്ടുകാർ പിടിച്ച് ആഷിഖിനെ പൊലീസിൽ ഏൽപിച്ചിരുന്നു.

പിന്നീട് ആഷിഖിനെ ഡീ അഡിക്ഷൻ സെൻ്ററുകളിൽ ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ നിന്ന് അമ്മയെ കാണാൻ എത്തിയപ്പോളാണ് ആഷിഖ് ഈ ക്രൂരകൃത്യം നടത്തിയത്.

പൈശാചികം, അതിക്രൂരം; ചേന്ദമംഗലം കൂട്ടകൊലപാതകം

ജനുവരി 16-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അയൽക്കാരനായ റിതു എന്ന ചെറുപ്പക്കാരനായിരുന്നു പ്രതി. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

പ്രദേശത്തെ സ്ഥിരം പ്രശ്നകാരനായിരുന്നു റിതു. രാത്രികളിൽ സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമുള്ള ആരോപണങ്ങളും റിതുവിനെതിരെ ഉയർന്നിരുന്നു. റിതു പരിസരവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.

ആക്രമണം നേരിട്ട കുടുംബവുമായും റിതു നേരത്തെ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതാണ് ക്രൂരമായ കൊലപാതത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ.

ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയുമായിരുന്നു റിതു കൊലപാതകം നടത്തിയത്. ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ മദ്യമോ ലഹരിയോ ഉപയോഗിച്ചിരുന്നില്ല. കൊല്ലണം എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു റിതുവിന് ഉണ്ടായിരുന്നത്.

നെന്മാറയെ പേടിപ്പിച്ച ചെന്താമര

കേരളത്തിന്റെ മനസാക്ഷിപ്രതലങ്ങളിൽ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങാതെ നിൽക്കുമ്പോഴാണ് നെന്മാറയില്‍ ചെന്താമര ഇരട്ടകൊലപാതകം നടത്തിയത്. ദിവസങ്ങളോളം പൊലീസുകാരെ വട്ടം കറക്കിച്ചും, നാട്ടുകാരുടെ ഉറക്കം കെടുത്തിയ ശേഷവുമാണ് ചെന്താമര പിടിയിലാകുന്നത്.

പൊലീസ് സേന അസാധാരണമായ സമ്മർദ്ദം അനുഭവിക്കുന്നതും, നാട്ടുകാർ ഒന്നടങ്കം പ്രകോപിതരായി പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നതും അടക്കമുളള നിരവധി സംഭവങ്ങൾക്കും നമ്മൾ ഇതിനിടെ സാക്ഷ്യം വഹിച്ചു.ജനുവരി 27നാണ് ചെന്താമര ക്രൂരമായ കൊലപാതകം നടത്തിയത്. 2019ൽ താൻ കൊന്ന സജിത എന്ന സ്ത്രീയുടെ ഭർത്താവായ സുധാകരനെയും, സുധാകരന്റെ അമ്മ ലക്ഷ്‌മിയെയുമാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള 6 മുറിവുകളും ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും കണ്ടെത്തിയത്.പട്ടാപ്പകൽ നടത്തിയ ഈ കൊലപാതകത്തിന് ശേഷം ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് കാടടച്ച് ചെന്താമരയ്ക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ജനുവരി 28ന് പോത്തുണ്ടി മാട്ടായിയില്‍ നിന്ന് ചെന്താമര പിടിയിലാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *