സ്കൂളില്‍ അസ്വാഭാവികമായി പെരുമാറുന്ന കുട്ടി, ഇടയ്ക്കിടെ കയ്യില്‍ റബർ ബാൻഡ് ചുറ്റുന്നതു പോലെ കാണിക്കുകയും കുത്തി വയ്പ്പ് എടുക്കുന്നതു പോലെ പെരുമാറുകയും ചെയ്തു. അന്നവള്‍ക്ക് 12 വയസ്സാണ്. അസ്വാഭാവിക പെരുമാറ്റം കാണിച്ചതോടെയാണ് സ്കൂള്‍ അധികൃതർ ആദ്യം ശ്രദ്ധിക്കുന്നത്. ഇതിനിടെ കുട്ടിയെ സ്കൂളിൽ നിന്നും കാണാതാകുക കൂടി ചെയ്തു.
പൊലീസ് കണ്ടെത്തിയ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. അമ്മയെ വിളിപ്പിച്ചു. ലഹരി ഉപയോഗിച്ച പോലെ കണ്ണടഞ്ഞു പോകുന്ന ഉന്മാദ അവസ്ഥയിലായിരുന്നു അമ്മയെത്തിയത്.നിരന്തരം ലഹരി കിട്ടാത്തതിന്റെ പ്രശ്നങ്ങൾ പെൺകുട്ടി കാണിച്ചിരുന്നു. രണ്ടുവട്ടം സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കുട്ടി ഇറങ്ങിപ്പോയി.
അച്ഛൻ മരിച്ചു പോയ കുട്ടി, മൂന്നാം തവണയാണ് കൗൺസലിങ്ങിനോട് സഹകരിച്ചത്. സ്കൂളിനടുത്തുള്ള ചേച്ചി ആദ്യം ലഹരി നല്‍കിയെന്ന് കുട്ടിയുടെ മൊഴി. ശാരീരികമായി ഉപയോഗിക്കപ്പെട്ടെന്നും കൗൺസലിങ് റിപ്പോർട്ടിലുണ്ട്. സ്കൂളിലെ മറ്റ് കൂട്ടുകാർക്കും ചേച്ചിമാർ മരുന്ന് നല്കിയിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തി.
പലരും ശാരീരികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നും കുട്ടിയുടെ മൊഴിയുണ്ട്. അമ്മയും ലഹരിമരുന്നിന് അടിമയാണെന്നും അമ്മയുടെ കൂട്ടുകാര്‍ ചീത്തയാണെന്നും കുട്ടി വെളിപ്പെടുത്തിയതോടെ ആ കണ്ണിയുടെ ഞെട്ടിക്കുന്ന വഴി തെളിഞ്ഞുവന്നു.
വീട്ടിലെ ഇളയ കുട്ടികളെ രക്ഷിക്കണമെന്ന കുട്ടിയുടെ അപേക്ഷ പേടിപ്പിക്കുന്ന അവസ്ഥയുടെ നേര്‍ചിത്രമായി. ഇന്ന് ആ മൂന്നു കുട്ടികളും സംരക്ഷണകേന്ദ്രത്തിന്റെ ചുമരുകള്‍ക്കകത്ത് പതിയെ ജീവിതത്തിലേക്ക് നടക്കുകയാണ്.
ഈ പെണ്‍കുട്ടി ഒരു പ്രതിനിധിയാണ്. കേരളത്തിലങ്ങോളമിങ്ങോളം ജീവിതം കൈമോശം വരുന്ന കുട്ടികളുടെ പ്രതിനിധി. പശ്ചാത്തലവും സാഹചര്യങ്ങളും മാത്രമേ മാറുന്നുള്ളൂ. സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും അടിയന്തരമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തലമുറകള്‍ വലിയ വിലകൊടുക്കേണ്ടിവരും.