കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് ക്രൂരമായ മർദ്ദനമേറ്റെന്നത് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം പരിശോധന. ഷഹബാസിൻ്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു, നെഞ്ചിനേറ്റ മർദ്ദനത്തിൽ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മർദ്ദനമേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

കട്ടിയേറിയ ആയുധം കൊണ്ടുള്ള ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോ‍ർട്ടത്തിലെ കണ്ടെത്തൽ.എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.

സംഘർഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസ് ജീവൻ നിലനിർത്താൻ ആയത്.

കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. അഞ്ച് പേരെയും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിച്ചു.

എസ്എസ്എൽസി വിദ്യാർത്ഥികളായി ഇവര്‍ക്ക് പരീക്ഷ എഴുതാൻ ബോർഡ് അനുമതി നൽകി. ആക്രമണം ബോധപൂർവ്വം ആയിരുന്നെന്ന് തെളിയിക്കുന്ന അക്രമികളുടെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു.

ഷഹബാസിനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിതന്നെയെന്ന് ഒരു സന്ദേശത്തിൽ പറയുന്നു. സംഘം ചേർന്ന് ആക്രമിച്ചാൽ കേസ് ഉണ്ടാകില്ലെന്നാണ് അക്രമി സംഘത്തിലെ ഒരു വിദ്യാർത്ഥി മറ്റുള്ളവർക്ക് നൽകുന്ന ഉപദേശം.

Leave a Reply

Your email address will not be published. Required fields are marked *