വിക്കറ്റിനു പിറകിലെ കെ എൽ രാഹുലിന്റെ ശനിദശ തുടരുന്നു. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ– ന്യൂസീലൻഡ് പോരാട്ടത്തിനിടെ കെയ്ൻ വില്യംസന്റെ ക്യാച്ച് വിട്ടുകളഞ്ഞ ക്യാച്ച് ഉൾപ്പെടെ നിരവധി പിഴവുകളാണ് രാഹുൽ വിക്കറ്റിനു പിന്നിൽ നിന്ന് ആവർത്തിച്ചത്. മത്സരത്തിൽ ഇന്ത്യ 44 റൺസിന് ജയിച്ചെങ്കിലും രാഹുലിന്റെ ചില പിഴവുകൾക്ക് ബൗണ്ടറിയുൾപ്പെടെ വലിയ വില നൽകേണ്ടി വരികയും ചെയ്തു.
അക്ഷർ പട്ടേൽ എറിഞ്ഞ പതിനൊന്നാം ഓവറിലെ ആറാം പന്തിലാണ് കെയ്ൻ വില്യംസൺ നൽകിയ അവസരം രാഹുൽ കൈവിട്ടത്. വില്യംസന്റെ ബാറ്റിലുരഞ്ഞ പന്ത് വിക്കറ്റിനു തൊട്ടുപിന്നിൽ നിൽക്കുകയായിരുന്ന രാഹുലിന്റെ നേർക്കാണ് എത്തിയതെങ്കിലും, താരത്തിന് അത് കയ്യിലൊതുക്കാനായില്ല. രാഹുലിന്റെ ഗ്ലൗവില്‍ തട്ടി സ്ലിപ്പിലേക്ക് പോവുകയായിരുന്നു പന്ത്.
അർധസെഞ്ച്വറിയടക്കം നേടി ടീമിന്റെ ചേസിങ്ങിന് ചുക്കാൻ പിടിച്ച വില്യംസന്റെ വ്യക്തിഗത സ്കോർ 17ൽ നിൽക്കുമ്പോഴാണ് രാഹുൽ ഈ ക്യാച്ച് പാഴാക്കിയത്.ഇത് കണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ അസ്വസ്ഥനാകുന്ന ദൃശ്യങ്ങളും സൂപ്പർ താരം വിരാട് കോഹ്ലി ഗ്രൗണ്ടിൽവച്ചു തന്നെ രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്ന രംഗങ്ങളും വൈറലാണ്.
ഇതോടെ രാഹുൽ ന്യൂസിലാൻഡിന്റെ 12ാമനാണ് എന്ന തരത്തിലുള്ള ട്രോളുകൾ വന്നിരുന്നു.നേരത്തേ, ബാറ്റിങ്ങിലും രാഹുലിന് തിളങ്ങാനായിരുന്നില്ല. 29 പന്തുകൾ നേരിട്ട രാഹുൽ 23 റൺസ് മാത്രമെടുത്തു പുറത്താകുകയായിരുന്നു. മിച്ചൽ സാന്റ്നറുടെ പന്തില്‍ ടോം ലാതം ക്യാച്ചെടുത്താണ് രാഹുലിനെ പുറത്താക്കിയത്.