ജെറുസലേം: റംസാനും പെസഹയും പരിഗണിച്ച് ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യു.എസിന്റെ നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്.
ഹമാസുമായുള്ള വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചശേഷം ഗാസയിലെ വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടാനുള്ള യു.എസിന്റെ നിര്‍ദേശം ഇസ്രയേല്‍ അംഗീകരിക്കുന്നതായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
ഹമാസുമായുള്ള 42 ദിവസത്തെ വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടണമെന്ന നിര്‍ദേശം യു.എസ്. മിഡില്‍ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിക്കോഫ് മുന്നോട്ടുവെച്ചത്. റംസാനും പെസഹയും കണക്കിലെടുത്തായിരുന്നു ഈ നിര്‍ദേശം.
അതേസമയം, ഹമാസ് ആദ്യഘട്ടം നീട്ടുന്നതിനെ എതിര്‍ത്തിരുന്നു. വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കണമെന്നതായിരുന്നു ഹമാസിന്റെ ആവശ്യം.
ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതും ഗാസയിലെ യുദ്ധത്തിന് ഏകദേശം വിരാമമാകുന്നതുമാണ് രണ്ടാംഘട്ടത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, ഗാസയിലെ വെടിനിര്‍ത്തല്‍ പൂര്‍ണമായും പാലിക്കണമെന്നും ഇസ്രയേലും ഹമാസും അവരുടെ പ്രതിബദ്ധത നിറവേറ്റണമെന്നും ഈജിപ്ത് വിദേശകാര്യമന്ത്രി ബാദര്‍ അബ്ദേല്ലാട്ടി ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ഈജിപ്ത് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഗാസയുടെ പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയാകും.
ഗാസ ഏറ്റെടുക്കുകയും പലസ്തീനികളെ മറ്റിടങ്ങളില്‍ പുനരധിവസിപ്പിക്കുകയും ചെയ്യുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗാസ വിഷയത്തില്‍ ഈജിപ്ത് അറബ് രാജ്യങ്ങളുടെ പിന്തുണ തേടുന്നത്അതിനിടെ, ഞായറാഴ്ച ഗാസയിലേക്കുള്ള ആവശ്യസാധനങ്ങളുടെ വിതരണം ഇസ്രയേല്‍ താത്കാലികമായി തടഞ്ഞിരുന്നു. മേഖലയില്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഗാസയിലേക്കുള്ള ആവശ്യസാധനങ്ങളുടെ വിതരണം വിതരണം താത്കാലികമായി തടയാന്‍ ഇസ്രയേല്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.