ഇന്നസെന്‍റ് എന്ന വാക്കിന് നിഷ്കളങ്കന്‍ എന്നല്ല, മറിച്ച് പൊട്ടിച്ചിരി എന്നാണ് അര്‍ഥമെന്ന് മലയാളിയെക്കൊണ്ട് പറയിച്ച താരത്തിന്‍റെ ജന്‍മവാര്‍ഷികമാണിന്ന്. ചിരിയുടെ കിലുക്കം നമുക്കായി ഭൂമിയില്‍ ബാക്കിവച്ച മലയാളത്തിന്‍റെ സ്വന്തം ഇന്നച്ചന്‍റെ എഴുപത്തിയേഴാം ജന്‍മവാര്‍ഷികംഇന്നൊച്ചൻസ് എന്ന പേരിനെ നാലാം ക്ലാസില്‍വച്ച് ഹെഡ്മാസ്റ്റർ വൈലോപ്പിള്ളി ശ്രീധരന്‍ ‘ഇന്നസെന്‍റ്’ എന്ന് പരിഷ്കരിച്ചു.

പഠിക്കുന്ന കാലത്ത് എല്ലാ ക്ലാസുകളിൽ നിന്നും പുറത്താക്കപ്പെട്ട കുട്ടി അനുഭവങ്ങളെ അറിവാക്കിക്കൊണ്ട് ജീവിത പരീക്ഷ തനിയെ പഠിച്ച് ഫസ്റ്റ് ക്ലാസിൽ പാസായി. എട്ടാം തരത്തിൽ സ്കൂളിന്‍റെ പടിയിറങ്ങി.

സിനിമയിൽ എത്തും മുൻപേ ജീവിതത്തില്‍ പല റോളുകളിൽ അഭിനയിച്ചു. സോപ്പ് ചീപ്പ് കച്ചവടക്കാരൻ. ഷൂ വ്യാപാരി. വോളിബോളിനെക്കുറിച്ച് ഒന്നുമറിയാത്ത ടീം മാനേജർ. ബേബി മാച്ചസ് , ഇന്നസെന്‍റ് മാച്ചസ് എന്നീ പേരുകളിലെ തീപ്പെട്ടിക്കമ്പനി മുതലാളി. ഒടുവിൽ RSP മണ്ഡലം സെക്രട്ടറിയായി രാഷ്ട്രീയത്തിലും പയറ്റി.

തുടര്‍ന്ന് സിനിമാ മോഹവുമായി മദ്രാസിലേക്ക്. മൂന്നു വർഷത്തിനുശേഷം സിനിമ നിർമ്മാണം തുടങ്ങി. വിടപറയും മുമ്പേ, ഇളക്കങ്ങള്‍, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്. എന്നാല്‍ നിര്‍മാതാവെന്ന നിലയില്‍ ഇന്നസെന്‍റിനെ ചിരിപ്പിച്ചില്ല ഈ ചിത്രങ്ങള്‍.

പതിയെ ചെറിയ ചെറിയ റോളുകളിലൂടെ ഇന്നസെന്‍റ് മലയാളിയുടെ മനസിലെ ചിരിയായി മാറി. 1988ൽ മലയാളിയുടെ മനസിലേക്ക് ഒരു റോങ്നമ്പര്‍ ബെല്‍ മുഴങ്ങി റാംജീറാവു സ്പീക്കിങ്.

ആ വർഷം തന്നെ പൊൻമുട്ടയിടുന്ന താറാവ്, ഏതാനും മിനിട്ടുകൾ മാത്രം വന്നു പോകുന്ന നമ്പർ 20 മദ്രാസ് മെയിലിലെ ടിടിആര്‍. ഗോഡ്ഫാദറിലെ സ്വാമിനാഥന്‍ എന്നിവ അതുല്യ കലാകാരന്‍റെ ചില വേഷപകര്‍ച്ചകള്‍ മാത്രംതാരസംഘടനയായ അമ്മയെ പ്രസിഡന്റ് സ്ഥാനത്തിരുന്ന് ഏറ്റവും കൂടുതൽ കാലം നയിച്ചയാളാണ് ഇന്നസെന്റ്.

2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് വിജയം. ഇരിങ്ങാലക്കുട നഗരസഭ മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റുവരെ നീണ്ട സമാനതകളില്ലാത്ത ജീവിതം. കാന്‍സര്‍ രോഗത്തിനും ഇന്നസെന്‍റിലെ ചിരിക്കാരനെ തളര്‍ത്താനായില്ല. സ്വന്തം കുറ്റങ്ങൾ മറ്റുള്ളവരോട് പറഞ്ഞു നടന്ന ഒരു തമാശക്കാരന്‍ പിറന്ന ദിനം

Leave a Reply

Your email address will not be published. Required fields are marked *