കയ്യിൽ കിട്ടിയെങ്കിൽ കരണം പൊളിച്ച് രണ്ടു പൊട്ടിക്കാൻ പറ്റിയെങ്കിൽ എന്ന് പ്രേക്ഷകരെ ചിന്തിപ്പിച്ച ഒരു സെറ്റ് പിള്ളേർ വില്ലന്മാർ. കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ കണ്ടുകൊണ്ടിരുന്ന സമയത്തു തന്നെ പല പ്രേക്ഷകരുടെയും മനസിലൂടെ കടന്നു പോയ ചിന്ത ഇതല്ലാതെ മറ്റൊന്നായിരിക്കും എന്ന് പറയാൻ പറ്റുമോ?
മയക്കുമരുന്ന് തലയ്ക്ക് പിടിച്ച് മുന്നിൽ നിൽക്കുന്നവരോട് കാരുണ്യമോ ദയയോ ഇല്ലാതെ പെരുമാറുന്ന അഞ്ചംഗ സംഘത്തിന്റെ തലവനായി അഭിനയിച്ച ഒരാളെ പ്രേക്ഷകർ വർഷങ്ങളായി കണ്ടു പരിചയിച്ചു കഴിഞ്ഞു. നടൻ വിശാഖ് നായർ ആയിരുന്നു ആ വേഷം ചെയ്തത്.ആനന്ദം’ സിനിമയിലെ കുപ്പിയിൽ തുടങ്ങി പലപല വേഷങ്ങളിലൂടെ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിക്കാൻ വിശാഖ് നായർക്ക് കഴിഞ്ഞു.
ബോളിവുഡിൽ കങ്കണ റണൗത്തിന്റെ ‘എമർജൻസി’യിൽ സഞ്ജയ് ഗാന്ധിയുടെ വേഷം അവതരിപ്പിച്ചത് വിശാഖ് ആണ്. എന്നാൽ, കരിയർ ബെസ്റ്റ് എന്ന് വിളിക്കാവുന്ന വേഷം ചെയ്യാൻ വിശാഖ് നായർക്ക് ഓഫീസർ ഓൺ ഡ്യൂട്ടിയിലെ നെഗറ്റീവ് കഥാപാത്രം വേണ്ടിവന്നു.
ഈ രംഗങ്ങളിൽ അഭിനയിച്ചവർക്ക് ജീവിതയാഥാർഥ്യവുമായി ബന്ധമില്ല എന്ന് വിശ്വസിക്കാൻ പ്രയാസമുള്ള തരത്തിലായിരുന്നു അവരുടെ പ്രകടനം. മൂക്കിന്റെ ഉള്ളിലേക്ക് വെള്ള നിറത്തിലെ പൊടി വലിച്ചു കയറ്റുന്നതുൾപ്പെടെയുള്ള രംഗങ്ങൾ സിനിമയിൽ ഉണ്ട്.
ഇത് വി.എഫ്.എക്സ്. ഒന്നുമല്ല, ശരിക്കും വെള്ള നിറത്തിലെ പൊടി വലിച്ചു കയറ്റിയാണ് എന്ന് വിശാഖ് നായർ വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗിക്കുന്ന രംഗത്തിൽ പകരം എന്തായിരുന്നു എന്നും വിശാഖ് പറയുന്നു