ദുബായ്: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടി ബാറ്റ് ചെയ്യുകയാണ് ഓസ്‌ട്രേലിയ. ഓസീസിന്റെ ഓപ്പണര്‍മാരെ നാലുപേരെയും ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യന്‍ മുന്നേറ്റത്തിന് സ്ഥിരമായി വിലങ്ങുതടിയാകാറുള്ള ട്രാവിസ് ഹെഡിനെ നേരത്തേ പുറത്താക്കാനായത് ഇന്ത്യയ്ക്ക് ആശ്വാസമായി.
വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ ഹെഡ് ഉയര്‍ത്തിയടിച്ച പന്ത് ശുഭ്മാന്‍ ഗില്‍ കൈപ്പിടിയിലാക്കുകയായിരുന്നു. എന്നാല്‍, ഭാഗ്യംകൊണ്ടാണ് ഇന്ത്യയ്ക്ക് ഈ വിക്കറ്റ് അനുവദിച്ചുകിട്ടിയത്. ഹെഡിന്റെ ക്യാച്ച് ഓടിവന്നാണ് ഗില്‍ പിടിച്ചത്.
ആവേശത്തില്‍ പെട്ടെന്നുതന്നെ ഗില്‍ പന്ത് വായുവില്‍ എറിയുകയും ചെയ്തു.തൊട്ടുപിന്നാലെ ഗില്ലിനെ ഫീല്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് താക്കീത് ചെയ്തു.
ക്രിക്കറ്റ് നിയമങ്ങളുടെ ചുമതലക്കാരായ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം.സി.സി) നിയമം അനുസരിച്ച് ക്യാച്ചെടുക്കുമ്പോള്‍ ഫീല്‍ഡര്‍ പന്തിന്മേല്‍ പൂര്‍ണ നിയന്ത്രണത്തിലാകണം. ഇവിടെ ക്യാച്ചെടുത്ത ശേഷം ഗില്‍ പെട്ടെന്നു തന്നെ പന്ത് റിലീസ് ചെയ്തു. എന്നിരുന്നാലും ഹെഡിന്റെ വിക്കറ്റ് ടീം ഇന്ത്യയ്ക്ക് അനുവദിച്ചുകിട്ടി.