സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന്‍റെ തീരപ്രദേശങ്ങളിലൂടെ സൈക്ലത്തോണുമായി സിഐഎസ്എഫ്. 25 ദിവസമെടുത്ത്, 11 സംസ്ഥാനങ്ങളിലൂടെയും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 6,553 കിലോമീറ്റര്‍ ദൂരം സൈക്ലത്തോണ്‍ കടന്നുപോകും.
സിഐഎസ്എഫിന്‍റെ അന്‍പത്തിയാറാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് രാജ്യത്തിന്‍റെ കിഴക്കും പടിഞ്ഞാറും തീരങ്ങളെ ബന്ധിപ്പിച്ചുള്ള കോസ്റ്റല്‍ സൈക്ലത്തോണ്‍. കേന്ദ്ര വ്യവസായ സംരക്ഷണ സേനയിലെ 14 വനിതകളടക്കം 125 പേരാണ് സൈക്ലിങ്ങിന്‍റെ ഭാഗമാകുന്നത്.
മാര്‍ച്ച് ഏഴിന് ആരംഭിച്ച് 25 ദിവസത്തിനുശേഷം സമാപിക്കും.ഗുജറാത്തില്‍നിന്നും ബംഗാളില്‍നിന്നും ഒരേസമയം ആരംഭിക്കുന്ന സൈക്ലിങ് സംഘങ്ങള്‍ കന്യാകുമാരിയില്‍ സംഗമിക്കും. ഒരുമാസത്തെ പരിശീലനത്തിന് ശേഷമാണ് സിഐഎസ്എഫ് സംഘം സൈക്ലിങ്ങിന് ഇറങ്ങുന്നത്.
ഗുജറാത്തിലെ ലഖ്പത് കോട്ട, ഗാന്ധിധാം, സൂറത്ത്, മഹാരാഷ്ട്രയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ, ഗോവ, കര്‍ണാടകയില്‍ മംഗളൂരു, കേരളത്തില്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍,, കോസ്റ്റല്‍ സൈക്ലിങ്ങിനോട് അനുബന്ധിച്ച് പ്രത്യേക പരിപാടികളുണ്ടാകും.