രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഒളിംപിക്സിൽ കളിച്ച് രാജ്യത്തിനായി സ്വർണ മെഡൽ നേടണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ട് തന്നെ ഇരുവരുടെയും വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകൾ നിർത്തണമെന്നും ഇന്ത്യയുടെ മുൻ മലയാളി പേസർ എസ് ശ്രീശാന്ത്.
2028 മുതൽ ഒളിംപിക്സിൽ ക്രിക്കറ്റ് വീണ്ടും ഉൾപ്പെടുത്താൻ പോകുന്നതിനാൽ ലോസ് ഏഞ്ചൽസിൽ രോഹിതും കോഹ്‌ലിയും ഇന്ത്യൻ ടീമിന്റെ ഭാഗമാകാനും ഇന്ത്യയെ സ്വർണ്ണ മെഡൽ നേടാൻ സഹായിക്കാനും തൻ ആഗ്രഹിക്കുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.ചാംപ്യൻസ് ട്രോഫി സെമിയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനലിലേക്ക് കടക്കുമ്പോൾ കോഹ്‌ലിയും രോഹിതും ഇന്ത്യയുടെ രണ്ട് പ്രധാന കളിക്കാരായി തുടരുകയാണ്.
കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രോഹിതിന്റെയും കോഹ്‌ലിയുടെയും ഏകദിന ഭാവിയെ കുറിച്ച് നിരവധി ചർച്ചകൾ നടന്നിരുന്നു.ചാംപ്യൻസ് ട്രോഫിയിൽ ടീമിനെ കൈകാര്യം ചെയ്ത രീതിയിൽ ടീം മാനേജ്‌മെന്റിനെയും പരിശീലകൻ ഗൗതം ഗംഭീറിനെയും ക്യാപ്റ്റൻ രോഹിതിനെയും ശ്രീശാന്ത് പ്രശംസിച്ചു . മാർച്ച് 9 ന് ദുബായിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇനി ന്യൂസിലൻഡിനെയോ ദക്ഷിണാഫ്രിക്കയെയോ നേരിടും.