ഇടുക്കി ജില്ല എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിലേയ്ക്ക് ഓടി വരുന്നത് പ്രകൃതി ഭംഗിയും കോടമഞ്ഞുമൊക്കെയാണ്. സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ജില്ല കൂടിയാണ് ഇടുക്കി. നിരവധി മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇടുക്കിയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. അത്തരത്തിൽ ഇടുക്കിയിലേയ്ക്ക് ഒരു യാത്ര പ്ലാൻ ചെയ്താൽ ഒറ്റയടിക്ക് കാണാൻ സാധിക്കുന്ന 5 ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്.
പീരുമേട്
കോട്ടയം – കുമളി റോഡില്‍ ഉള്ള ചെറുപട്ടണമാണ് പീരുമേട്. തോട്ടങ്ങളുടെ പട്ടണം എന്നാണ് ഇത് അറിയപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരത്തില്‍ ചെറുകുന്നുകളും, തോട്ടങ്ങളുമുളള സാഹസിക നടത്തത്തിനും കുതിരസവാരിക്കും സൈക്കിള്‍ സവാരിക്കും യോജിച്ച സ്ഥലമാണ് പീരുമേട്. ആകാശത്തോളം ഉയരുന്ന കുന്നുകള്‍ക്കിടയില്‍ വിശാലമായ പുല്‍മേടുകളാണ് പീരുമേട്ടിലെ പ്രധാന ആകർഷണം. തോട്ടങ്ങളും കാടും കടന്നു വരുന്ന കാറ്റ് പീരുമേട് കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ആനന്ദം പകരും. ഇവിടെ നിന്ന് 3 കിലോമീറ്റർ അകലെയാണ് കുട്ടിക്കാനം.
ചാർളി കുളം
ദുൽഖർ സൽമാൻ നായകനായി 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് ചാർളി. ഇടുക്കിയിലെ പീരുമേട്ടിലാണ് ചിത്രത്തിലെ നിരവധി ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. അത്തരത്തിൽ ചിത്രത്തിലെ പ്രധാന ഭാഗങ്ങളിലൊന്ന് ചിത്രീകരിച്ചത് ലാഡ്രം എസ്റ്റേറ്റിലാണ്. ഇവിടെയുള്ള തെപ്പക്കുളം പിന്നീട് ചാർളി കുളം എന്ന് അറിയപ്പെടാൻ തുടങ്ങി. കുട്ടിക്കാനം – വാഗമൺ റൂട്ടിലാണ് ഈ മനോഹരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുട്ടിക്കാനത്ത് നിന്ന് വെറും 10 കിലോമീറ്റർ അകലെയാണ് ലാഡ്രം എസ്റ്റേറ്റ്. ഇവിടേയ്ക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്.
പരുന്തുംപാറ
പീരുമേടിനടുത്താണ് പ്രശസ്തമായ പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. പീരുമേട് ടൗണിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് പരുന്തുംപാറ. പ്രകൃതിസ്‌നേഹികൾക്കും സാഹസികത തേടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പച്ചപ്പു നിറഞ്ഞ വനങ്ങളുടെ സമാനതകളില്ലാത്ത കാഴ്ചയാണ് പരുന്തുംപാറയിൽ നിന്നാൽ കാണാൻ കഴിയുക. ശബരിമല വനങ്ങളുടെ അതുല്യമായ കാഴ്ച പരുന്തുംപാറയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്
അഞ്ചുരുളി
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അഞ്ചുരുളി. കട്ടപ്പന – ഏലപ്പാറ റൂട്ടിൽ കക്കാട്ടുകടയിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചുരുളിയിലെത്താം. സമുദ്രനിരപ്പിൽ നിന്ന് 2,430 അടി ഉയരത്തിലാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കട്ടപ്പനയ്ക്കടുത്തുള്ള ഇരട്ടയാർ അണക്കെട്ടിൽ നിന്ന് ഇടുക്കി ജലസംഭരണിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന 5.5 കിലോമീറ്റർ നീളമുള്ള വൃത്താകൃതിയിലുള്ള തുരങ്കം ഇവിടുത്തെ പ്രധാന ആകർഷണമാണ്.
രാമക്കൽമേട്
കുമളി – മൂന്നാര്‍ റോഡില്‍ നെടുങ്കണ്ടത്ത് നിന്ന് 16 കിലോമീറ്റര്‍ ഉള്ളിലാണ് രാമക്കല്‍മേട്കുമളി – മൂന്നാര്‍ റോഡില്‍ നെടുങ്കണ്ടത്ത് നിന്ന് 16 കിലോമീറ്റര്‍ ഉള്ളിലാണ് രാമക്കല്‍മേട് എന്ന മനോഹരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്പം താഴ്‌വരയെ നോക്കി നില്‍ക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാര്‍ത്ഥത്തില്‍ ഇത്.
ഇതിലൊരു പാറയില്‍ വലിയൊരു കാല്‍പ്പാദത്തിന്റെ പാടു കാണാം. സീതാന്വേഷണ കാലത്ത് ഭഗവാന്‍ രാമന്‍ ചവിട്ടിയ പാടാണെന്ന വിശ്വാസത്തിലാണ് ഈ സ്ഥലത്തിന് രാമക്കല്‍മേട് എന്ന പേര് ലഭിച്ചത്. ശക്തമായി വീശിയടിക്കുന്ന കാറ്റാണ് രാമക്കൽമേടിന്റെ സവിശേഷത. കേരള സര്‍ക്കാരിന്റെ ചെറിയൊരു കാറ്റാടി വൈദ്യുതി പാടവും ഇവിടെയുണ്ട്.