തീര്‍ത്തും വിരസമായ സ്ഥിരത പുലര്‍ത്തുന്നയാളെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെ അദ്ദേഹത്തെ അടുത്തറിയാവുന്ന ആളുകള്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തന്റെ ഭക്ഷണരീതിയില്‍ പോലും മാറ്റംവരുത്താത്ത ഒരാള്‍. ഒരു സാധാരണ ചടങ്ങിന് പോകുമ്പോള്‍ ഡെനിം ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍. വര്‍ഷങ്ങളായി ആ ശീലവും മാറിയിട്ടില്ല.

എന്നാല്‍, ക്രിക്കറ്റിലേക്കെത്തുമ്പോള്‍ കര്‍ക്കശമായി പ്രവര്‍ത്തിക്കുന്ന ഒരു ‘ക്രിക്കറ്റ് ബ്രെയിൻ’ ആയി ഗംഭീര്‍ മാറും. തന്ത്രപരമായ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ രീതി ഏറെ വ്യത്യസ്തമാണ്.

ജൂലായില്‍ ടി20 ലോകകപ്പ് വിജയത്തോടെ രാഹുല്‍ ദ്രാവിഡ് തന്റെ ചുമതല അവസാനിപ്പിച്ചതിനു പിന്നാലെയാണ് ഗംഭീര്‍ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുത്തിട്ട് ഇപ്പോള്‍ എട്ടുമാസമായി. ഒരു വശത്ത് വലിയ പരാജയങ്ങള്‍ നല്‍കിയ തിരിച്ചടികള്‍ക്കൊപ്പം ചാമ്പ്യന്‍സ് ട്രോഫിയിലെ കിരീടനേട്ടവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.ഇന്ത്യന്‍ ക്രിക്കറ്റ് വലിയ മാറ്റങ്ങള്‍ക്കുതന്നെ വിധേയമാകാന്‍ പോകുന്ന രണ്ട് വര്‍ഷങ്ങള്‍.

അദ്ദേഹം ഇതിനോടകംതന്നെ തന്റെ പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയാണ് അടുത്ത പ്രധാന പരീക്ഷണം. ഐപിഎല്‍ കഴിഞ്ഞ് ഒട്ടും സമയമില്ലാതെയാണ് ടെസ്റ്റ് പരമ്പരയുടെ ആരംഭം.2026-ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പാണ് ഗംഭീറിന്റെ അടുത്ത പ്രധാന പരീക്ഷണം. 2027-ലെ ഏകദിന ലോകകപ്പും അദ്ദേഹത്തിന് മുന്നിലുണ്ട്.

ടി20-യില്‍ ഇതിനോടകം തന്നെ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഒരു കോര്‍ ടീമിനെ ഉണ്ടാക്കാന്‍ ഗംഭീറിന് സാധിച്ചിട്ടുണ്ട്. രോഹിത്തും കോലിയും രവീന്ദ്ര ജഡേജയുമെല്ലാം ടി20 അവസാനിപ്പിച്ച ഘട്ടത്തിലാണിത് എന്നതും ശ്രദ്ധേയം. അവരുടെ അഭാവത്തിലും പുതിയൊരു ബ്രാന്‍ഡ് ക്രിക്കറ്റിന് രൂപം നല്‍കാനും അതിന് ലോകമെമ്പാടും ആരാധകവൃദ്ധമുണ്ടാക്കാനും ഗംഭീറിന് സാധിച്ചിട്ടുണ്ട്.

ടി20-യില്‍ ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്ന് എറിയാന്‍ പോകുന്ന എട്ട് ഓവറുകള്‍ ഏതൊരു ലോകോത്തര ബാറ്ററുടെയും പേടിസ്വപ്‌നമായിരിക്കും.

ഗംഭീറിനു കീഴിലാണ് സഞ്ജു സാംസണും തന്റെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത്. അര്‍ഷ്ദീപ് സിങ് ഇന്ത്യയുടെ സ്‌ട്രൈക്ക് ബൗളറായി മാറിയതും ഒപ്പം ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ എന്നീ മൂന്ന് സീം ഓള്‍റൗണ്ടര്‍മാരും ചേരുമ്പോള്‍ ആ വിഭാഗത്തിലും ആശങ്കകളില്ലഏകദിനത്തിലേക്കും ടെസ്റ്റിലേക്കും വരുമ്പോള്‍ തന്റെ മാന്‍ മാനേജ്‌മെന്റ് മികവ് നന്നായി ഉപയോഗിക്കേണ്ടതായിവരും. ഏകദിനത്തില്‍നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് രോഹിത്തും കോലിയും വ്യക്തമാക്കിയിട്ടുണ്ട്.

വിരമിക്കല്‍ വ്യക്തിഗത തീരുമാനമാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരുവരും മികവ് പുലര്‍ത്തുകയും ചെയ്തു. എന്നാല്‍, ദുബായിലേതുപോലെ 2027 ലോകകപ്പില്‍ ഗംഭീറിന് നാല് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഇറക്കി കളിപ്പിക്കാനും അതുവഴി എതിരാളികളെ 240-250 എന്ന സ്‌കോറില്‍ ഒതുക്കാനും സാധിക്കില്ല.

രോഹിത്തിന്റെയും കോലിയുടെയും കാര്യത്തില്‍ അതിനാല്‍തന്നെ ഗംഭീര്‍ ഇടപെടേണ്ടിവന്നേക്കും. ‘ടീം ഫസ്റ്റ്’ എന്ന അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തില്‍ മാറ്റംവരാന്‍ സാധ്യതയില്ല.

Leave a Reply

Your email address will not be published. Required fields are marked *