ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ആളാണ് ജീവ. 2003ല്‍ പുറത്തിറങ്ങിയ ആസൈ ആസൈയായ് എന്ന ചിത്രത്തിലൂടെയാണ് ജീവ നായകനായത്. മോഹന്‍ലാല്‍ നായകനായ കീര്‍ത്തിചക്രയിലൂടെ മലയാളികള്‍ക്കിടയിലും ജീവ ശ്രദ്ധേയനായി. തെലുങ്കിലും ഹിന്ദിയിലും ജീവ തന്റെ സാന്നിധ്യമറിയിച്ചു.
തെലുങ്ക് രാഷ്ട്രീയ നായകനായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെയും മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു യാത്ര 2. ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ വേഷമിട്ടപ്പോള്‍ വൈ.എസ്.ആറായി എത്തിയത് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയായിരുന്നു.ചിത്രത്തിന്റെ ഷൂട്ടിനായി സെറ്റിലെത്തിയ ദിവസം താന്‍ മമ്മൂട്ടിയുടെ കാല് തൊട്ടു തൊഴുതെന്നും അതിന് അദ്ദേഹം തോളില്‍ തട്ടി വേണ്ടെന്ന് പറഞ്ഞെന്നും ജീവ പറഞ്ഞു.
അടുത്ത ദിവസം അദ്ദേഹം തന്റെ കാലില്‍ തൊടാന്‍ പോയെന്നും കളിയാക്കരുതെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞെന്നും ജീവ പറയുന്നു. മമ്മൂട്ടിക്ക് ആരും കാലില്‍ വീഴുന്നത് ഇഷ്ടമല്ലെന്ന് അപ്പോള്‍ മനസിലായെന്നും ജീവ പറഞ്ഞു.രണ്ടാമത്തെ ദിവസം ഷൂട്ട് കഴിഞ്ഞ് വെറുതേയിരുന്നപ്പോള്‍ ജിമ്മില്‍ പോകാമെന്ന് തീരുമാനിച്ചെന്നും വെറുതേ ട്രെഡ്മില്ലില്‍ നടന്ന് സമയം കളയാന്‍ പ്ലാന്‍ ചെയ്‌തെന്നും ജീവ പറയുന്നു.
എന്നാല്‍ ജിമ്മില്‍ ചെന്നപ്പോള്‍ മമ്മൂട്ടി വെയിറ്റ് പുഷ് ചെയ്യുകയായിരുന്നുവെന്നും ജീവ കൂട്ടിച്ചേര്‍ത്തു. 70ാമത്തെ വയസിലാണ് മമ്മൂട്ടി മുടങ്ങാതെ വര്‍ക്ക് ഔട്ട് ചെയ്യുന്നതെന്നും അതെല്ലാം തനിക്ക് വലിയൊരു ഇന്‍സ്പിറേഷനായിരുന്നെന്നും ജീവ പറഞ്ഞു.മമ്മൂട്ടി സാറുമായിട്ടായിരുന്നു ആദ്യത്തെ ഷോട്ട്. അത്രയും സീനിയറായിട്ടുള്ള ആര്‍ട്ടിസ്റ്റിനെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കാല് തൊട്ടു തൊഴുതു.
എന്നെ എഴുന്നേല്പിച്ച് തോളിലൊക്കെ തട്ടി ‘ഇതിന്റെയൊന്നും ആവശ്യമില്ല’ എന്ന് പറഞ്ഞു. അടുത്തദിവസം ചെന്നപ്പോള്‍ അദ്ദേഹം എന്റെ കാല് തൊട്ടു തൊഴുതു. കളിയാക്കല്ലേ സാറേ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ആരും കാല് തൊട്ട് തൊഴുന്നത് അദ്ദേഹത്തിന് അത്ര ഇഷ്ടമല്ലെന്ന് മനസിലായി.