അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സെമിയില്‍ ഇന്ത്യ മാസ്റ്റേഴ്സിന് മികച്ച സ്കോർ. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. 30 പന്തില്‍ 59 റണ്‍സെടുത്ത യുവരാജ് സിങ് ഇന്ത്യയുടെ ടോപ് സ്കോററായി. മികച്ച തുടക്കം നൽകിയ സച്ചിൻ തെണ്ടുൽക്കർ 30 പന്തില്‍ 42 റണ്‍സടിച്ചുടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സിന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു.
ഓപ്പണര്‍ അമ്പാട്ടി റായുഡു അഞ്ച് റൺസുമായി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച സച്ചിനും പിന്തുണ നല്‍കിയ പവന്‍ നേഗിയും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഇന്ത്യയെ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റണ്‍സിലെത്തിച്ചു. നേഗിയെ 11 പന്തില്‍ 14 റൺസുമായി മടങ്ങി. സച്ചിന് കൂട്ടായി യുവരാജ് എത്തിയതോടെ ഇന്ത്യ അതിവേഗം റൺസുയർത്താൻ തുടങ്ങി.
30 പന്തില്‍ 42 റൺസുമായി സച്ചിൻ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 100 കടന്നിരുന്നു. 30 പന്തില്‍ ഒരു ഫോറും ഏഴ് സിക്സറുകളും അടങ്ങുന്നതാണ് യുവരാജിന്റെ ഇന്നിംഗ്സ്. യുവി 59 റണ്‍സുമായി മടങ്ങിയെങ്കിലും മറ്റ് താരങ്ങൾ ഇന്ത്യയ്ക്കായി മികവ് തുടർന്നു.
സ്റ്റുവര്‍ട്ട് ബിന്നി 21 പന്തില്‍ 36, യൂസഫ് പഠാൻ 10 പന്തില്‍ 23, ഇര്‍ഫാന്‍ പഠാൻ പുറത്താകാതെ ഏഴ് പന്തില്‍ 19 തുടങ്ങിയ ഇന്നിംഗ്സുകൾ ഇന്ത്യൻ സ്കോർ 220ലെത്തിച്ചു. ഓസ്ട്രേലിയ മാസ്റ്റേഴ്സിനായി സേവ്യർ ഡോഹെര്‍ട്ടിയും ഡാനിയേൽ ക്രിസ്റ്റ്യനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.