ചെന്നൈ: നൂറാം ടെസ്റ്റ് മത്സരത്തോടെ വിരമിക്കാൻ ആലോചിച്ചിരുന്നതായി ഇന്ത്യൻ മുന്‍ താരം ആർ.അശ്വിൻ. ചെന്നൈ സൂപ്പർ കിംഗ്സ് സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങിലായിരുന്നു അശ്വിന്റെ വെളിപ്പെടുത്തൽ. ധോണിയും സിഎസ്കെ പരിശീലകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരെ ധരംശാലയിലാണ് അശ്വിന് നൂറാം ടെസ്റ്റ് കളിച്ചത്
.തന്റെ നൂറാം ടെസ്റ്റിന് ധോണിയെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് എത്താനായില്ലെന്നും അശ്വിന് പറഞ്ഞു. അശ്വിന്റെ നൂറാം ടെസ്റ്റിന് ബിസിസിഐ ആദരമൊരുക്കിയിരുന്നു. അശ്വിന് പ്രത്യേക മൊമെന്റോ നല്‍കിയാണ് ബിസിസിഐ ആദരിച്ചത്. നൂറാം ടെസ്റ്റിന് മുമ്പ് ധോണിയുടെ കൈയില്‍ നിന്ന് മൊമെന്റോ ഏറ്റുവാങ്ങണമെന്നായിരുന്നു ആഗ്രഹമെന്ന് അശ്വിന് പറഞ്ഞു.
എന്നാല്‍ നൂറാം ടെസ്റ്റിന് എത്താന്‍ കഴിയാതിരുന്ന ധോണി തനിക്ക് മറ്റൊരു സര്‍പ്രൈസ് സമ്മാനമായിരുന്നു കാത്തുവെച്ചതെന്നും അശ്വിന് പറഞ്ഞു. ഐപിഎല്‍ ലേലത്തില്‍ എന്നെ തിരികെ ചെന്നൈയിലെത്തിച്ചത് ധോണിയാണ്.
അതുകൊണ്ട് നന്ദി, എം എസ് എന്നെ തുടങ്ങിയടത്തു തന്നെ തിരികെ എത്തിച്ചതിന്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷം-അശ്വിന് പറഞ്ഞു.