റാഫ: ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. കഴിഞ്ഞ 20 മണിക്കൂറിനിടെ 70 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാറിൽ ധാരണയാകാത്തതിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം പുനരാരംഭിച്ചത്. ആക്രമണത്തെ തുടർന്ന് ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 436 ആയി. കൊല്ലപ്പെട്ടവരിൽ 183 പേർ കുട്ടികളാണ്.
വ്യോമാക്രമണം കടുപ്പിച്ചതോടെ ഐഡിഎഫ് ലക്ഷ്യം വെയ്ക്കുന്ന മേഖലകളിൽനിന്ന് പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സേന ഉത്തരവിട്ടുഇതിനിടെ വ്യോമാക്രമണത്തിന് പിന്നാലെ ഗാസയിൽ കരവഴിയുള്ള ആക്രമണത്തിനും ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. ഗാസയെ രണ്ടായി വിഭജിക്കുന്ന നെത്സാരിം ഇടനാഴി ഇസ്രായേൽ സൈന്യം തിരിച്ചുപിടിച്ചു.
പലസ്തീനികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായാണ് ഇസ്രയേൽ നീക്കം. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഇസ്രയേൽ നേരത്തെ ഇവിടെ നിന്ന് പിൻവാങ്ങിയിരുന്നു.
ഗാസ മുനമ്പിൽ ഇസ്രായേൽ വീണ്ടും ആക്രമണം പുനരാരംഭിച്ചെങ്കിലും ചർച്ചകൾക്കുള്ള വാതിൽ അടച്ചിട്ടില്ലെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ഒപ്പുവെച്ച കരാർ നിലനിൽക്കുമ്പോൾ പുതിയ കരാറുകളുടെ ആവശ്യമില്ലെന്നും ഹമാസ് ഉദ്യോഗസ്ഥനായ താഹെർ അൽ-നോനോയെ ഉദ്ധരിച്ച് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.