വമ്പൻ ഹൈപ്പിൽ മലയാളികൾ ഒന്നാകെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. മോഹൻലാൽ നായകനായി എത്തുന്ന സിനിമ അഡ്വാൻസ് ബുക്കിങ്ങിൽ ചരിത്രം രചിച്ച് മുന്നേറുകയാണ്. ചിത്രം നാളെ ലോകമെമ്പാടും തിയേറ്ററുകളിലെത്തും.കഴിഞ്ഞ ദിവസം ആശീർവാദ് സിനിമാസിന്റെ എക്സിൽ ഒരു പോസ്റ്റ് വന്നു. അപ്പോ മാർച്ച് 27 ന് നമുക്ക് ബ്ലാക്ക് ഡ്രെസ്സ് കോഡ് ആയാലോ? എന്നായിരുന്നു ആ ട്വീറ്റ്. നിമിഷനേരങ്ങൾ കൊണ്ടാണ് ഇത് വൈറലായത്. സംവിധായകൻ പൃഥ്വിരാജും നടൻ മോഹൻലാൽ ഉൾപ്പെടെ ഈ ട്വീറ്റിന് മറുപടിയുമായി എത്തിയിരുന്നു.
ഇതിന് മറുപടിയായി നടൻ ടൊവിനോ തോമസ് എക്സിൽ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ആണ് ഇപ്പോൾ ആരാധകർക്കിടയിൽ സംശയങ്ങൾ ജനിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ പോസ്റ്റ് ചെയ്ത ‘ഞാനുമുണ്ട്, പക്ഷെ ഡയറക്ടർ സാർ, ഞാൻ സ്റ്റീഫൻ ആയി വരണോ അതോ ഖുറേഷിയായി വരണോ?’ എന്ന ട്വീറ്റിനാണ് ടൊവിനോയുടെ മറുപടി. ‘എനിക്ക് ആകെ വൈറ്റ് കോട്ടേ ഉള്ളൂ. വേണേൽ അത് ബ്ലാക്ക് ആക്കി ഇട്ടോണ്ട് വരാം; എന്നാണ് ടൊവിനോയുടെ കമന്റ്.
ഇതിന് പിന്നാലെയാണ് പ്രേക്ഷകർ കമന്റുകളുമായി എത്തിയത്. ‘പുറകിൽ ഡ്രാഗൺ ഉള്ള കറുത്ത കോട്ട് ആണോ ബ്രോ?’, ‘എടാ കള്ള ഡ്രാഗണേ’, ‘എല്ലാം മനസിലായി’ എന്നിങ്ങനെയാണ് പ്രേക്ഷക പ്രതികരണങ്ങൾ. ട്രെയ്ലറിൽ ഉള്ള ഡ്രാഗൺ ചിഹ്നം ധരിച്ച ആ വ്യക്തി ടൊവിനോ ആണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒട്ടുമുക്കാൽ പേരെയും അണിയറപ്രവർത്തകർ പുറത്തുവിട്ടുവെങ്കിലും ചുവന്ന ഡ്രാഗണിന്റെ ചിത്രമുള്ള ഷര്ട്ട് ധരിച്ച് പുറം തിരിഞ്ഞ് നില്ക്കുന്ന കഥാപാത്രം ആരായിരിക്കുമെന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ.
ബോളിവുഡ് താരം ആമിർ ഖാന്റെ ഉൾപ്പടെയുള്ള പേരുകൾ പറയപ്പെടുന്നുണ്ടെങ്കിലും അതിൽ ഏറ്റവും അധികം ഉയർന്നു കേൾക്കുന്ന പേര് റിക്ക് യൂണിന്റേതാണ്.കൊറിയൻ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂൺ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയസിനിമകളിൽ റിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.